വേനലില്‍ കരിഞ്ഞുപോയെന്നു കരുതും..ഇനിയില്ല  എന്ന് നിനച്ചു യാത്ര പറയും.
....പക്ഷെ മഴയുടെ ആദ്യവിരല്‍പ്പാടുക മായും മുന്‍പേ നനുത്ത ചിരിയുമായി ജീവന്റെ ചില്ലകളില്‍ ...വീണ്ടും തളിരുകള്‍.

അന്പ് നിറഞ്ഞ   പച്ചപ്പോടെ

..എന്നന്നേക്കുമായി ഒന്നും ഇല്ലാതാകുന്നില്ല ..കിനാവുകള്‍ക്കും ഓര്‍മകള്‍ക്കും ജനിമൃതികളുടെ  ഇടവേളകള്‍ മാത്രം.

2010, ഡിസംബർ 31, വെള്ളിയാഴ്‌ച

happy..2011

  
                                                 Happy new year......

2010, ഡിസംബർ 27, തിങ്കളാഴ്‌ച

for you..

                                 
                                 
ഓടക്കുഴലിത് നീടുറ്റ കാലത്തിന്‍ കൂടയില്‍ മൂകമായ്   വീണു പോകാം 
                                         മണ്‍ ‍ചിതലായേക്കാം  അല്ലെങ്കില്‍ ഇത്തിരി വെണ്‍ചാരം മാത്രമായ് മാറിപ്പോകാം
                                         നന്മയെപ്പറ്റി വിനിശ്വസിയ്ക്കാം ചിലര്‍ ,തിന്മയെപറ്റിയെ പാടു ലോകം 
                                         എന്നാലും നിന്‍ കയ്യില്‍ അര്‍പ്പിച്ച മജ്ജന്മം 
                  എന്നാളും  ആനന്ദസാന്ദ്രം ധന്യം...



                         
 

2010, ഡിസംബർ 24, വെള്ളിയാഴ്‌ച

കുട്ടി വീണ്ടും ...


    മഞ്ഞുള്ള ഡിസമ്പറിലെ വെളുപ്പാങ്കാലം.കുട്ടി ഉറക്കമുണര്‍ന്നതേ ഓര്‍ത്തത് തലേന്ന് ഉമ്മറത്ത് വന്നുവീണ കിളിക്കുഞ്ഞിനെയാണ്.
പാലുകൊടുത്ത് അമ്മയോട് ഇരവല്‍ വാങ്ങിയ ഫ്ലാനല്‍  കഷണം കൊണ്ടു പുതപ്പിച്ചുകിടത്തിയതാണ് .അവന്‍ ഓടിപ്പോയി നോക്കി.
മുറ്റത്ത് ഉറുമ്പിന്റെ നിര..അവന്‍ നെഞ്ചിടിപ്പോടെ  മുറ്റത്തിറങ്ങി.കുഞ്ഞുതൂവല്‍ ഒന്നുരണ്ടു എണ്ണം ..കുരിഞ്ഞിപ്പൂച്ച പമ്മി വരുന്നത്‌ കണ്ടപ്പോള്‍ തീര്‍ച്ചയായി.ആ പാവത്തിന്റെ കാര്യം കഴിഞ്ഞുകാണും.ദേഷ്യത്തോടെ അവന്‍ കല്ലെടുത്ത്‌.എറിയാനോങ്ങി.അവള്‍ സ്ഥലം വിട്ടു.കുട്ടിക്ക് കരയാന്‍ തോന്നി.രാത്രി പുറത്ത് കിടത്തരുതായിരുന്നു.
അമ്മയുടെ വിളികേട്ടു കുട്ടി അകത്തേക്ക് തിരിഞ്ഞു.പെട്ടെന്ന് ഒരു കുഞ്ഞുകിളി ചിലക്കല്‍ ..അവന്‍ പരതി .എവിടെ?.ഉമ്മറത്തെ ബഞ്ചി നടിയില്‍ ചാക്കിന്റെ മുകളില്‍ കിളിക്കുഞ്ഞു.തലേന്നത്തെ ദൈന്യം മാറി.അരികില്‍...അവന്‍ മിഴിച്ചുപോയി.കുറിഞ്ഞിയുടെ രണ്ടുകുട്ടികള്‍ ..അവര്‍ നല്ല ഉറക്കത്തിലാണ്.കിളിക്കുഞ്ഞു അവരുടെ ദേഹത്തോട് ചേര്‍ന്നാണ്കിടക്കുന്നത്.താന്‍ ഇടപെടെ  ണ്ടു തില്ലാത്ത സഹജീവനത്തിന്റെ മുന്നില്‍ പരമനിസ്സഹായനായ കാണിയായി കുട്ടി മാറി.
[ഇത് സാങ്കല്‍പ്പികം .ഇരയും വേട്ടക്കാരനും ആരെന്നറിയാത്ത കളിക്കുമുന്നില്‍ ചോദ്യങ്ങളില്ലാതെ..പിന്‍ വാങ്ങുന്നു.]


               

2010, ഡിസംബർ 16, വ്യാഴാഴ്‌ച

എന്ടോസള്‍ഫാന്‍-...end of life...

ഭൂമി നമ്മുടേത്‌ മാത്രമല്ല എന്ന വിനയം മാത്രമേ ഈ ലോകത്തെ ഇനി രക്ഷിക്കൂ.നൂറ്റമ്പതു വര്‍ഷങ്ങള്‍ക്കുമുന്‍പ്
ചരിത്രപ്രസിദ്ധമായ പ്രസംഗത്തിന്റെ പ്രസക്തി ഇവിടെയാണ്.
...''you must teach your children that the ground beneath their feet is the ashes of our grandfathers.so that they will respect the land,tell your children that the earth is rich with the lives of our kin.teach your children that we have taught our children,that the earth is our mother.whatever befalls the earth befalls the sons of the earth.man did not weave the web of life.,he is merely a strand of it,.what ever he does to the web,he does to himself...''

സിയാറ്റില്‍ ഗോത്രത്തലവന്റെ ഈ വാക്കുകള്‍ വീണ്ടും ഓര്ത്തുപോകയാണ് ഈ എന്ടോസള്‍ഫാന്‍ സന്ദര്‍ഭത്തില്‍.
രാസവളം,രാസകീടനാശിനി  ഇല്ലാതെ കൃഷി ബുദ്ധി മുട്ടാവുമെന്നും കൃഷി ലാഭകരമല്ലെങ്കില്‍ ആരാണ് അത് നടത്തുക
എന്നും ബ്ലോഗില്‍ത്തന്നെ ആശങ്കകള്‍ കണ്ടു.
ഇതൊന്നും ആരെയും ബോദ്ധ്യപ്പെടുത്താന്‍ ആവില്ലെന്നറിയാം.എന്നാല്‍ ഈ ''ബൂലോകത്ത് ''
പ്ര തികരിക്കാതെ ഇരിക്കാന്‍ പറ്റില്ല.
എന്ടോസ ള്‍ഫാന്‍ എന്നല്ല ഒരു രാസകീടനാശി നിയും ഏറ്റുവാങ്ങി നിലനില്‍ക്കാന്‍ ഇനി നമ്മുടെ
ഭൂമിക്കു കഴിയുമെന്ന് തോന്നുന്നില്ല.അത്രമാത്രം 
വിഷലി പ്തമായിരിക്കുന്നു.ഇത് നിരോധിക്കാന്‍ ഒരു ഗവേഷണത്തിന്റെ ആവശ്യകതയില്ല.കാരണം
പ്രത്യക്ഷത്തില്‍ ബോധ്യപ്പെട്ടിരിക്കുന്ന കാര്യുംആണ ത്.വന്‍ തോട്ടങ്ങളുടെ
സുരക്ഷിതത്വത്തിനുവേണ്ടി ചെറുമനുഷ്യന്‍ നിലംപരിശാകുന്നു.

2010, ഡിസംബർ 14, ചൊവ്വാഴ്ച

E-Malayalam workshop




                   ഇന്നലെ [ചൊവ്വാഴ്ച്ച]തൃശ്ശൂര്‍ സാഹിത്യ അക്കാദമിയില്‍ നടന്ന ഇ-ഭാഷ ശില്‍പ്പശാല യില്‍നിന്നു
  ഫോട്ടോ -സെബാസ്റ്റ്യന്‍[ ക്രയ്സ്റ്റു കോളേജു]എടുത്തത്

2010, ഓഗസ്റ്റ് 22, ഞായറാഴ്‌ച

എല്ലാ ബൂലോകരോടുമായി പറയാനുള്ളത്..




 ബൂലോകത്തെ എല്ലാവരോടും നന്ദി പറഞ്ഞുകൊണ്ടു പിന്‍വാങ്ങുന്നു.
 ഏകാന്തത അതിന്റെ എല്ലാ കരുത്തോടും കൂടി ആക്രമിച്ച ഒരു സന്ദര്‍ഭത്തിലാണ് ബൂലോകത്തേക്ക് വരാന്‍ തോന്നിയത്.
അക്കാദമിക് ആവശ്യവും  [ഡിഗ്രിക്കാര്‍ക്ക് ബ്ലോഗും തിരമൊഴിയും പഠിപ്പി ക്കാനുണ്ട്.] ഉണ്ടായിരുന്നു.
വരുന്ന നവംബറില്‍ ഞാന്‍ ബ്ലോഗു തുടങ്ങിയിട്ട് ഒരു വര്‍ഷമാവും. വാര്ഷികത്തിനായി നില്‍ക്കുന്നില്ല.
ഇന്നലത്തെ സന്ധ്യയിലാണ് യാത്ര പറയാമെന്നു തീരുമാനമെടുത്തത്.എല്ലാ സന്ധ്യകളും അഗാധമായ വേദനയോടെയാണ് കടന്നുപോകുന്നത്.എവിടെയായാലും എനിക്കങ്ങനെ തന്നെ.ഒരു പക്ഷേ കുറെക്കഴിഞ്ഞു ഒരു വീണ്ടു വരവ് ഉണ്ടായേക്കാം.ഉറപ്പിക്കുന്നില്ല..
സങ്കടം എന്ന കഥയില്‍ ഞാനെഴുതിയത് എന്റെ അനുഭവം തന്നെയാണ്.എത്ര ആവര്ത്തിച്ചതായാലും സായാഹ്നത്തിന്റെ വിഷാദം എന്നെ ആഴത്തില്‍ 
ആവേശി ക്കുന്നു..ഞാന്‍ അദ്ഭുതപ്പെടുന്നു..ഇന്നത്തെ കുട്ടികള്‍ ഇതില്‍നിന്നു എങ്ങനെയാണ് കര  കയറുന്നത്  എന്ന്.
ആഹ്ലാദത്തിന്റെ അലകള്‍ക്കിടയിലും അസ്തമയം ഏകാന്തമായ വിഷാദഗോപുരത്തില്‍ എന്നെ ഇട്ടടയ്ക്കുന്നു.
ബ്ലോഗിന് അതില്‍ നിന്നെന്നെ രക്ഷിക്കാനായില്ല.അതേസമയം ഈ സ്വപ്രസാധനത്തിനു  സാധ്യതകള്‍ ഉണ്ടെന്നു മറക്കുന്നില്ല.ഏറെ ഗൌരവത്തോടെ ഈ മേഖലയില്‍ നില്‍ക്കുന്നവര്‍ക്ക് പ്രത്യേകിച്ചും.
''അന്തമറ്റ ആകുലതകള്‍ക്കും സന്ദേഹങ്ങള്‍ക്കും ഇടയില്‍ ഞാന്‍ ആശ്രയിച്ച  വസന്തലതിക എന്ന എന്റെ സമാന്തരസ്വപ്നജീവിതത്തെ'' ഞാന്‍ 
വേണ്ടെന്നു വെക്കുന്നു.
അനായാസം കാറ്റില്‍ മരക്കൊമ്പില്‍ നിന്നും അടര്‍ന്നുവീഴുന്ന ഒരിലയുടെ ഈ ചിത്രം മുന്‍പൊരിക്കല്‍ ഞാന്‍ വരച്ചതാണ്.
ആ ഇലയുടെ പ്രണയജടിലമായ ജന്മത്തില്‍നിന്നുള്ള പിന്‍വാങ്ങല്‍ ഞാനനുകരിക്കുന്നു.
ബൂലോകത്തെ എല്ലാ സുഹൃത്തുക്കളെയും നന്ദിപൂര്‍വ്വം സ്മരിച്ചുകൊണ്ടു ..


2010, ജൂലൈ 27, ചൊവ്വാഴ്ച

vrundavana venugopalan

2010, ജൂലൈ 26, തിങ്കളാഴ്‌ച

ദാര്‍ശനികമായ ആഴങ്ങള്‍- re post

 ദാര്‍ശനികമായ ആഴങ്ങള്‍ 
       ശ്യാമപ്രസാദിന്റെ ''അഗ്നിസാക്ഷി'' അടുത്തയിടെ കണ്ടു.അന്തര്‍ജനത്തിന്റെ നോവല്‍ പലതവണ വായിച്ച്ചിട്ടുണ്ട്  എങ്കിലും  സിനിമ കണ്ടിരുന്നില്ല. ആ സിനിമ എന്നെ നീണ്ട ചില ചിന്തകളിലേയ്ക്ക് കൊണ്ടുപോയി.
ഗൃഹസ്ഥാശ്രമത്തിന്റെ പരിമിതികളും  സാധ്യതകളും  അതില്‍ പ്രമേയമാണ്.ഓരോ ആശ്രമത്ത്തിനും കല്‍പ്പിച്ചിട്ടുള്ള ധര്‍മങ്ങള്‍ നിറവേറ്റിയില്ലെങ്കില്‍ കാലം തരുന്ന ശിക്ഷ എന്ന ഒരു ചിന്തയും ഉണ്ട്.
എന്നാല്‍ അതിലും ശ്രദ്ധേയമായത് അഗ്നിസാക്ഷിയായി വിവാഹം ചെയ്ത ഭാര്യയോടുള്ള നായകന്‍റെ മമതാബന്ധമാണ്.ഇക്കാലത്തെ ഭാര്യാഭര്ത്താക്കന്മാര്‍ കണ്ടിരിയ്ക്കേണ്ട ചിത്രം
.ഒരു പുടവപോലെ,ഒരു ഡിസ്പോസിബിള്‍ പേന പോലെ,മിട്ടായി എടുത്തു വലിച്ചെറിയുന്ന
കടലാസുപോലെ പങ്കാളികളെ കാണുന്ന കേരളീയരെ കുറിച്ചു ദിവസവും വാര്‍ത്തകള്‍ വരുന്ന ഇക്കാലത്ത്
     ഇതെന്തൊരു ഭര്‍തൃധര്മം എന്ന് തോന്നാം. അത് വെറും ഒഴിഞ്ഞുപോക്കല്ല.ആഴത്തിലുള്ള                                                          വാരിയെടുക്കലാണ്.അത്തരം പ്രണയത്തെ തിരിച്ചറിയാന്‍ മനസ്സ് മാത്രം പോരാ.,                                          ആത്മാവിന്റെ സാന്നിധ്യം കൂടി വേണം.;'അഗ്നിസാക്ഷി  'നല്‍കുന്ന ഒന്നാം സന്ദേശമതാണ്.ഉപേക്ഷിച്ചും ആത്മാവില്‍             ഒട്ടിനില്‍ക്കുന്ന  ദാമ്പത്യം.      അതുകൊണ്ടു എന്ത് നേടി  എന്ന് ഉള്ള ചോദ്യം ഉയരാം അനേക ശരീരങ്ങളിലും രതികളിലും കിടന്നു മറിഞ്ഞും പുളച്ചും      തകര്‍ത്തു ആടിയാല്‍  എന്തുണ്ട് നേട്ടം?ഒടുവില്‍ ഒരു ശരീരവും സത്യമല്ല,ഒരു സുഖവും തരാനാര്‍ക്കു  മാവില്ല  എന്ന തിരിച്ചറിവിന്റെ മുന്നിലുള്ള നില്‍പ്പ് മാത്രം ബാക്കി.     അത് എല്ലാം തകര്ന്നവന്റെ നഷ്ടമാണ്.മറിച്ചു അനാസക്തിയുടെഈ വിട്ടുനില്‍ക്കല്‍ ആഴത്തിലുള്ള ഒരു ദിവ്യാനന്ദം തരുന്നുണ്ട്.    പുറമേ നിന്ന് നോക്കുന്നവര്‍ക്ക് ഇത്തരം ഉപേക്ഷകള്‍ ശൂന്യതയും വ്യര്‍ത്ഥമായ  ത്യാഗങ്ങളുടെ  ദയനീയപരിസമാപ്തിയുമാണ്.അവരറിയുന്നില്ല    ലോകം വേണ്ടെന്നു വെച്ചവരനുഭവിയ്ക്കുന്ന വിശ്രാന്തി.                    
രാമായണത്തിലെ രാമസീതായോഗം ഇങ്ങനെ  കാണണം ..അനാസക്തിയുടെ യോഗം ആണ്  രാമന്റെ കഥ.അഗ്നിസാക്ഷിയില്‍ നായകന്‍റെ വാക്കുകള്‍ കേള്‍ക്കൂ..''ഞാന്‍ അവരില്           എന്നും സംപ്രീതനായിരുന്നു.അവരെന്നും   എന്നോടു ഒന്നിച്ചു ണ്ടായിരുന്നു''   ഒരിയ്ക്കലും ശരീരം     കൊണ്ടു ഒന്നിച്ചില്ലെങ്കിലും  മനസ്സില്‍ ഒന്നിച്ചുണ്ടാ വുകയാണ് നല്ലതെന്നുള്ള ചിന്തയാവാം എന്നെക്കൊണ്ട്    ഇതെഴുതിക്കുന്നത്.  
ഈ ദാമ്പത്ത്യത്തിനു മനസാ   സന്ന   ദ്ധ മാവാന്‍ നായികയ്ക്ക് കഴിയാഞ്ഞത് ദേശീയപ്രസ്ഥാനം ഭൌതികമായി അവരെ ആവേശി ച്ചതിനാലാവാം ഭൌതികത ശക്തമായി നമ്മില്‍ പ്രവേശി യ്ക്കുംപോള്‍ ആത്മീയതയുടെ ഉള്‍വിളികള്‍ നാം കേള്‍ക്കാറില്ല.സംഭവബഹുലമായ അവരുടെ സാമൂഹ്യജീവിതം പശ്ചാത്താപത്തിനു ഇടകൊടുക്കുന്നില്ല.ഫലത്തില്‍ ഒന്നിച്ചുജീവിയ്ക്കുംപോഴും പരസ്പരം ചതിച്ചും പോരടിച്ചും കഴിയുന്നവരുടെ   
നയം എത്ര ഭയാനകം എന്ന തിരിച്ചറിവ് തരുന്നു ഈ ചിത്രം.ശ്യാമപ്രസാദും അഭിനേതാക്കളും കൂടി നല്ല ദൃശ്യാനുഭവം തന്നു. 
[ഈയിടെ ഇറങ്ങിയ ചിലത് കണ്ട ക്ഷീണം മാറി]   

2010, ജൂലൈ 12, തിങ്കളാഴ്‌ച

സങ്കടം

രംഗം-ഒന്ന് 
മണ്‍ ചെരാതുകള്‍ മുനിഞ്ഞു കത്തുന്ന  വീട്.കളിച്ചു മതിവന്നകുട്ടി മേല്ക്കഴുകി കോലായിലെത്തി.കിങ്ങിനിപ്പൂച്ചയുടെ അല്പം മാറി  പാന്ടനുമുന്ടു.സന്ധ്യ യാകുന്നതോടെ ഇരുവരും ശാന്തരാകും.പിന്നെ ബഹളമില്ല.
.വൈകുന്നേരത്തെ പണികളും കഴിഞ്ഞു നാമം ചൊല്ലാനിരുന്ന അമ്മയോട് കുട്ടി ചോദിച്ചു
.''അമ്മേ...സന്ധ്യക്ക്‌ എവിട്യാ ഈ സൂര്യന്‍ പോണത്?..''അമ്മ നാമം ചൊല്ലലിനിടയില്‍  പറഞ്ഞു..''കടലിനടിയിലെക്ക്..നാമം ജപിക്കാന്‍..''
സൂര്യന്‍ പോലും ചൊല്ലുന്നതാണ് നാമം.അത് ചെയ്യാതിരുന്നാല്‍ പാപം കിട്ടും.
അമ്മ അങ്ങനെ പറഞ്ഞില്ലെങ്കിലും കുട്ടിക്കതു മനസ്സിലായി.
അവന്‍ അമ്മയോട് ചേര്‍ന്നിരുന്നു .പുറത്ത് ഇരുട്ടിനു കട്ടി കൂടുന്നു.നിലവിളക്കിന്റെ നാളം  ഒന്നുലഞ്ഞു.
.ഒരു ഭീമാകാരമായ നിഴല്‍ രൂപം അത് ചുമരില്‍ തീര്‍ക്കുന്നുന്ടു. അത് കണ്ടാലും കുട്ടിക്ക് പേടിയില്ല.പക്ഷെ..എന്നും കാണുന്ന ഈ ഇരുട്ടിനെ പേടിയും ..പിന്നെ..ഒരു സങ്കടവുമാണ്.
എന്താണ് സന്ധ്യക്ക്‌ സങ്കടം വരുന്നത്?..കുട്ടിയെ അമ്മ ചേര്‍ത്തുപിടിച്ചു.അമ്മക്കുമറിയാം കുട്ടിക്ക് സങ്കടമാണെന്നു.താനും ഇങ്ങനെയായിരുന്നു.ജന്മാന്തരങ്ങളിലൂടെ ,ജന്മപരംപരകളിലൂടെ   തുടരുന്ന ഈ സങ്കടം മനുഷ്യന്റെ നിയോഗമാണെന്നും  അവര്‍ക്കറിയാം.ഈശ്വരാ..കാരണമില്ലാത്ത ഇത്തരം സങ്കടങ്ങളെ താങ്ങാന്‍ ഇവന് കരുത്തുണ്ടാ ക്കണേ....ഇരുട്ടുകൂടിവന്നു മുഴുരാത്രിയായി..
നാമം ചൊല്ലി ക്കഴിഞ്ഞ അമ്മ അകത്തേക്ക് പോയി .
.നേരത്തെ കഴിക്കുന്ന പതിവാണ്.അമ്മ ആഹാരം വിളമ്പുകയാവാം..അടുക്കളയില്‍ ശബ്ദങ്ങളുണ്ട് 
കുട്ടി യുടെ അരികിലേക്ക് പാണ്ടന്‍ നീങ്ങിക്കിടന്നു.കുട്ടി ചോദിച്ചു.''എന്താ നിനക്കുംസങ്കടാവുണ്.ണ്ടോ ...?.''പാണ്ടന്‍ കുട്ടിയെ നോക്കി .
സ്നേഹവാല്സല്യത്തോടെ..
തങ്ങള്‍  പങ്കിടുന്ന സങ്കടങ്ങളുടെ ഭാണ്ഡങ്ങള്‍ പിന്നെ അവര്‍ മൂവരും തുറന്നു ....
രംഗം-രണ്ടു 
സ്കൂളില്‍നിന്നു നേരെ ട്യൂഷന് പോയി ആറരയ്ക്ക് പതിവുപോലെ കുട്ടി വീട്ടിലെത്തി.കൂട്ടിനുള്ളില്‍നിന്നു ജിമ്മി ഒന്ന് മുരണ്ടു.അങ്ങോട്ട്‌ നോക്കിയില്ല.നോക്കനമെന്നുന്റെന്കിലും.അവന്റെ അരികില്‍ ചെന്നാല്‍ അമ്മ വഴക്ക് പറയും.വെറുതെ അമ്മയ്ക്ക് പ്രെഷര്‍ കൂട്ടണ്ട.
ടീ.വിയില്‍ എന്തോ ‍ കാണുന്നുണ്ട് അമ്മ.ഒപ്പം നൂഡി ല്സു പൊട്ടി ച്ചിടുന്നുണ്ട് .കുട്ടിക്ക് മടുപ്പ് തോന്നി.പക്ഷെ..അമ്മയ്ക്ക് ജോലി കഴിഞ്ഞുവന്നു 
വേറെയൊന്നും ഉണ്ടാക്കാന്‍ വയ്യല്ലോ.കുട്ടിക്ക് അമ്മയുടെ ജോലിഭാരം അറിയാം.അതുകൊണ്ടു വാശി പിടിക്കില്ല.
എന്നല്ല,വാശി തന്നെ കുട്ടി മറന്നിരിക്കുന്നു.ഇന്നു എന്തോ ക്കെയുണ്ട്  ഹോം വര്‍ക്ക്?..യാന്ത്രികമായി അമ്മ വിളിച്ച്ചോദിച്ചു.
നൂഡി ല്സു തിന്നു എണീറ്റ കുട്ടി ഒന്നും പറഞ്ഞില്ല.
അമ്മയും പിന്നൊന്നും പറഞ്ഞില്ല.
ടീ.വി നിര്‍ത്തി അമ്മ അലക്കാനായി പോയി.ജനലിലൂടെ ആകാശത്തേക്ക് നോക്കി ഒരു നിമിഷം കുട്ടി ഇരുന്നു.. നിര്‍വികാരം ...
.പിന്നെ പുസ്തകക്കൂമ്പാരത്തില്‍  വീണു.
സ്കൂളിലെ വര്‍ക്കും ട്യൂഷന്‍ വര്‍ക്കും പിന്നെ.. പ്രോജെക്ട് ...
..കാറ്റും നിലാവും കുട്ടിയ്ക്കരികില്‍ വന്നു.തിരിച്ചറിയപ്പെടാതെ  തിരിച്ചുപോയി..കുട്ടി ഗൃഹപാഠങ്ങള്‍ ചെയ്തുകൊണ്ടിരുന്നു....സങ്കടമൊന്നുമില്ലാ തെ..
ഒളി മങ്ങാത്ത മന്ദഹാസത്തോടെ മുകളില്‍ ഒരാള്‍ എല്ലാം കണ്ടു നിന്നു..


2010, ജൂലൈ 8, വ്യാഴാഴ്‌ച

good bye....


നെട്ടന്റെ കുറി - ഒരു പഴയ ചടങ്ങ്



ഇത് നെട്ടന്റെ ഗ്രാമം.
മേഘ.ത്തില്‍  കയറിവരുന്ന നെട്ടനാണ് മഴ കൊണ്ടുവരുന്നത് എന്നുള്ള വിശ്വാസമാണ് തൃശ്ശൂര്‍ ജില്ലയിലെ പെരുവള്ളൂരിനടുത്ത് പരപ്പുഴയില്‍ നെട്ടന്റെ കുറി എന്നാ ചടങ്ങിനാധാരം.പരപ്പുഴയില്‍ പണ്ടു ഉയര്‍ന്നുനിന്നിരുന്ന മൂന്നു പാറക്കല്ലുകള്‍ നെട്ടന്റെ പ്രതീകമായി കരുതുന്നു.ഇടവപ്പാതിയില്‍ തിമിര്‍ത്തുപെയ്യുന്ന മഴയില്‍ ഇവ മുങ്ങും.ജലസമൃദ്ധിയില്‍ പാറക്കല്ലുകള്‍ മൂടുന്നതാണ് നെട്ടന്റെ കുരിയായി ആചരിക്കുന്നത്.പരപ്പുഴയോടു ചേര്‍ന്നുകിടക്കുന്ന ആതമംഗലം കായലിനു കുറുകെ ശിവന്റെ ഭൂതഗണങ്ങള്‍ പാലം പണിയാനായി സ്ഥാപിച്ചതാണ് നെട്ടന്റെ പ്രതീകമായി അറിയപ്പെടുന്ന പാറക്കല്ലുകലെന്നു ഐതിഹ്യം.ഇടവം പതിനഞ്ചിനാണ് ഇതാചരിക്കുന്നത്.നെട്ടന്റെ കുരിയെടുക്കുന്നതോറെ കാലവര്‍ഷത്തിനു തുടക്കമാവുമെന്ന് പഴമക്കാര്‍ വിശ്വസിക്കുന്നു
നെട്ടന്റെ കുറിക്കു പായസം വിളമ്പുക പുളിയിലയിലാണത്രേ.

2010, ജൂലൈ 7, ബുധനാഴ്‌ച

വനരോദനം വീണ്ടും ...

 പറഞ്ഞിട്ട് കാര്യമില്ലെങ്കിലും വീണ്ടും പ്രതികരിക്കാതെ പറ്റില്ല .ഇന്ന് ,..ഇന്നലെ..ഒക്കെ ടീ.വി.യില്‍ കണ്ടുകൊണ്ടിരിക്കുന്ന പരിപാടി. കൊ ച്ചുകുഞ്ഞുങ്ങള്‍ മദാ ലസഭാവം പ്രകടിപ്പിക്കുന്ന ഉടുപ്പിട്ട് മദ ാലസഭാവം വഴിയുന്ന പാട്ടുകള്‍ പാടുന്നത്. സ്ത്രീപീഡനം അതിന്റെ ഉന്നതിയില്‍ എത്തി എന്ന് ആക്രോശം കൊള്ളം പോലാണ് ഇതും എല്ലാവരുടെയും അനുഗ്രഹത്തോടെ അരങ്ങേറുന്നത്.ഇന്നത്തെ പാട്ട് കഴിഞ്ഞപ്പോള്‍ ജെട്ജസ് തന്നെ പറഞ്ഞു..ഈ പാട്ട് കുട്ടികള്‍ക്ക് പാടാന്‍ പറ്റിയതല്ല എന്ന്....കുട്ടികളെ കുട്ടികളായി വീട്ടുകാരെങ്കിലും കണ്ടെങ്കില്‍..

കുമാരേട്ടനെ്റ''എകാന്തയാത്ര''-re-post

മാസങ്ങങ്ങള്‍ ക്കുമുന്പു ഒരു വൈകുന്നേരം ഒരു വയസ്സുചെന്ന ആള്‍ വീട്ടില്‍ വന്നു.സഹായാഭ്യര്‍ത്ഥന യ്ക്കാവുമെന്നു തോന്നി.പതുക്കെയെങ്കിലും ശുദ്ധമായ ഭാഷയില്‍,സ്വരത്തില്‍ അയാ ള്‍ കാര്യം പറഞ്ഞു.''ഒരു പുസ്തകം എഴുതിയിട്ടുണ്ട്.അച്ചടിപ്പിച്ചകാണാന്‍ ആശയുണ്ട്. സഹായം ചെയ്‌താല്‍ തരക്കേടില്ല'
.ദൈന്യഭാവമല്ലപ്രതീക്ഷയുടെ തിളക്കവുമില്ല .തന്റെ ഏറെക്കാലത്തെ സ്വപ്നത്തിന്റെ സാക്ഷാല്‍ക്കാരത്തെ കുറിച്ചു അധികമൊന്നും പറഞ്ഞില്ല

. ഞാന്‍ അയാള്‍ കൊണ്ടുവന്ന കവിതകള്‍ നോക്കി.സുശി ക്ഷിതനല്ലാത്ത ,വ്യാകരണ പടുവല്ലാത്ത ആ വൃദ്ധനായ കവിയെ ഞാന്‍ ആദ്യമായാണ്‌ കാണുന്നതു .കവിയാനെ  ന്ന മിഥ്യാധാരണ വെച്ചു കവിമേള ക ളില്‍ ബോറടിപ്പിക്കുന്ന ഒട്ടേറെ പേരെ നമ്മള്‍ കണ്ടിട്ടില്ലേ?ഒരു മുന്‍ ധാരണയുമില്ലാതെ ഞാനത് നോക്കി.എന്നെ സ്പര്ശി ച്ച ചില വരികള്‍ ഒരു അപ്രശ സ്തകവിയുടെ  ചൈതന്യത്തെ പ്രസരിപ്പിച്ചു.ലാഭത്തിനല്ലാതെ ഒന്നും ചെയ്യാത്ത ലോകം ഇത്തരം അനഭികാമിയ  നായ മനുഷ്യന് ചെവി കൊടുക്കുമോ?
                                                                 

..ആ വരികളില്‍ ഉള്ളു നീറ്റി യ ജീവിതാനുഭവങ്ങള്‍ ഉണ്ട്.എഴുപത്തിനാല് വയസ്സായി.ദൂരെ ദൂരെ ഓരോ നാടുകളിലെ താമസം..മുറിപ്പെടുത്തുന്ന ഭാര്യാവിരഹം..ഒരുപാടു ആകുലതകളിലൂടെയാണു ജീവിതം കഴിയുന്നത്‌
ഒരു സംഖ്യ കൊടുത്ത് ഞാന് ‍പറഞ്ഞു. പുസ്തകപ്രകാശനം നന്നായി നടക്കട്ടെ. ഞാന്‍ എനിയ്ക്കും കൂട്ടുകാര്‍ക്കും വേണ്ടി പുസ്തകം വാങ്ങും.
മടങ്ങുമ്പോള്‍ ജീവിതത്തിന്റെ ആഴമേറിയ ദൌത്യങ്ങലെ്കുറിച്ചു  പതിയെ പറഞ്ഞു.''ഞാന്‍ ഇതെഴുതിയത് എന്റേതായ ഒരു കടമ നിര്‍വഹിക്കുന്നതിലെക്കാന്.ജീവിതത്തില്‍ പലരെയും എനിക്ക് മനസ്സിലാക്കാന്‍ മുഴുവനായി പറ്റിയില്ല  ,...എന്ത് മനസ്സിലാക്കി എന്നെനിക്കു പറയാനിതെയുള്ളൂ''
പതിയെ നടന്നകന്ന ആ വ്യക്തി എനിക്കാരോ ആണെന്ന് തോന്നിപ്പോയി.        

ഇന്നലെ കുമാരേട്ടന്റെ പുസ്തകപ്രകാശനമായിരുന്നു.നടന്‍ ശ്രീരാമനാണ് പ്രകാശനം ചെയ്തത്.''എകാന്തയാത്ര''എന്നാണു പുസ്തകം. പരിപാടി കഴിയും വരെ ഞാനിരുന്നു.ശ്രീരാമന്‍ വയസ്സന്മാരുടെ കാഴ്ച്ച്ചപ്പാടുകലുടെ  മൂല്യത്തെക്കുരിച്ചു പറഞ്ഞു[.നടന്‍ തിലകന്റെ നിരാസത്തെപ്പറ്റി അന്ന് പത്രത്തില്‍ ഉണ്ടായിരുന്നത് ഞാന്‍ കൂട്ടിവായിച്ചു,വയസ്സാകുമ്പോള്‍ എന്തുകാരണം കൊണ്ടായാലും തിരസകൃ തരാവുന്നത് ദൌര്‍ഭാഗ്യകരം തന്നെ.]
ഞാനോര്‍ത്തത് വയസ്സായവര്‍ ചെറുപ്പക്കാര്‍ക്ക് നല്‍കുന്ന മാതൃ കയെപ്പറ്റിയാണ്.പണം പലിശയ്ക്കു കൂട്ടിവെച്ചും മനുഷ്യസ്നേഹം കാണി യ്ക്കാതെയും ജീവിതാന്ത്യത്തില്‍ ഒന്നും ഒന്നിനും ഉതകുകയില്ല എന്ന അറിവോടെ ഇല്ലാതാകുന്നവര്‍ക്കിടയില്‍ ....ഇവിടെ കുമാരേട്ടന്‍ തന്റെ 74 വയസ്സില്‍ പുസ്തകം പ്രകാശിപ്പിക്കുന്നു.

യതി പറഞ്ഞിട്ടുണ്ട്..വാര്‍ധക്യം പാകമായ ഫലങ്ങലുള്ള വൃക്ഷം പോലെയാണെന്ന്.പുറമേയ്ക്ക് ഊര്‍ജം പ്രസരിപ്പിക്കുന്ന..തന്റെതെന്ന ചിന്ത വിട്ടകന്ന...ഫലവൃക്ഷം.

2010, ജൂലൈ 6, ചൊവ്വാഴ്ച

മലയാളി മറക്കുന്ന ''കുളി''സുഖം

അധ്യയനവര്‍ഷത്തിന്റെ തുടക്കത്തില്‍     ക്ലാസില്‍  ഞാനെന്നും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്.കുട്ടികളില്‍ നീന്താനറിയുന്നവര്‍ എത്ര പേരു ന്ടു?ഒന്നോ രണ്ടോ പേര്‍ കഷ്ടിച്ചുണ്ടാകും.യു .ജീ.ക്ലാസ്സുകാരും പീ.ജീ.ക്ലാസുകാരും ഒരുപോലെ...എന്നെ അമ്പരപ്പിക്കുന്നത് നാട്ടിന്പുരത്തുകാര്‍ക്ക് നീന്താനറിയില്ല എന്നതാണ്.കാരണം ചോദിച്ചാല്‍ കുള ങ്ങളില്ലാതായ കഥകള്‍ കേള്‍ക്കണം..ഞാനപ്പോള്‍ അവര്‍ക്ക് നഷ്ടപ്പെടുന്ന കുളികളുടെ  സുഖങ്ങളപ്പറ്റി പറയും.നീന്തല്‍ എത്രനല്ല വ്യായാമമാണ്..പക്ഷികളായി .വായുവില്‍ പറക്കാന്‍ നമുക്കാവില്ല.എന്നാല്‍ മീനുകളായി വെള്ളത്തില്‍ നീന്താന്‍ നമുക്ക് കഴിയുക ഭാഗ്യമല്ലേ?
സുഖകരമായ ജലശയനങ്ങള്‍..ശ്വാസം നിയന്ത്രിച്ചാല്‍ നമുക്ക് ഒരു പൊങ്ങുതടിപോലെ കിടക്കാം.[ഉള്ളി ല് പേടാണങ്കിലും അങ്ങനെയാവാം എന്നാണു നീന്തലറിയാത്ത എന്റെ സുഹൃത്ത്‌ പറയാറ്]വെള്ളതോടു പേടിയില്ലാതെ ഇരുന്നാല്‍ മാത്രം രക്ഷയാവുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ട്.
പിന്നെ വെള്ളത്തിലെ കളികള്‍.
ഞങ്ങള്‍ കൂട്ടുകാരും വീട്ടിലെ അച്ഛന്പെങ്ങളും ചെറിയമ്മമാരും ചേച്ചിമാരും  ഒന്നിച്ചു കുളിക്കാന്‍ പോകും.അന്നത്തെ കുളിരസങ്ങള്‍
വര്‍ണ്ണിക്കാന്‍ വാക്കില്ല കൂട്ടരേ..തുണിയലക്കല്‍ മുതിര്‍ന്നവരുടെ പണിയാണ്.ഞങ്ങള്‍ വെള്ളക്കളികളിലെയ്ക്ക് കടക്കും.മത്സരിച്ചും അല്ലാതെയുമുള്ള നീന്തലുകള്‍''.എല്‍ ''ആകൃതിയിലാണ് ഒരു കുളം.അതിലാണ് ഏറെയും കളി.ഒരു സംഘം എല്ലിന്റെ ഒരറ്റത്ത് വരിയായി നില്‍ക്കും.അടുത്ത സംഘം എല്ലിന്റെ ഒടിവിന്റെ ഭാഗത്തും നില്‍ക്കും.പിന്നെ എതിരെ നീന്തല്‍.പരസ്പരം തൊടാതെ നീന്തണം.ട്രാക്ക് തെറ്റിക്കാതെ..അതൊരു കളി.
തൊ ട്ടുകളിയാണ് പിന്നൊന്ന്.മറ്റൊന്ന് ''ഊളയിട്ടു''കളിയാണ്.അതില്‍ ഞാന്‍ പിന്നോക്കമായിരുന്നു.ശ്വാസം മുട്ടിക്കൊണ്ട് മത്സരിക്കണം എന്നതിനാല്‍.
ഒളിച്ചുകളിപോലും കളിക്കാരുണ്ട്.നിറയെ പൊന്തയും വള്ളിപ്പടര്‍പ്പുകളും ഉള്ളതിനാല്‍ ആ കളി എളുപ്പമായി നടത്തിവന്നു.
പിന്നെയുള്ളത് കഥാപ്രസംഗം,നാടകം എന്നിവയാണ്.നാടകീയത നിറഞ്ഞ ആ മിമിക്രികള്‍ രസകരമായിരുന്നു.മായജയാണ് അതില്‍  മിടുക്കി.കരയിലൂടെ കഥപരിശീലി ച്ചുനടന്നുപോവുന്ന ഒരു കാഥികന്‍ പെട്ടെന്ന് വെള്ളത്തില്‍ വീണാല്‍ എന്തുന്റാകുമെന്നു അവള്‍ തന്മയത്വത്തോടെ  കാണിച്ചിരുന്നു.''കാ ഥി  കനല്ല,...കലാകാരനല്ല ഞാന്‍..''എന്ന പാട്ട് പാടി കൂപ്പുകയ്യോടെ  അയാള്‍ വെള്ളത്തില്‍ വീഴുനത് കാണിച്ചിരുന്നത് ഇന്നോര്‍ക്കുംപോഴും പൊട്ടിച്ചിരി ഉണ്ടാകുന്നു
നീന്തലറിയാത്ത തീരെ ചെറിയ  കുട്ടികളുടെ ആരാധന നിറഞ്ഞ നോട്ടങ്ങളില്‍ അഹങ്കാരത്തോടെ യാണ് ഞങ്ങളുടെ കളി എന്നുകൂടി ഓര്‍മിപ്പിക്കട്ടെ..''വെള്ളച്ചാട്ടത്തില്‍''നില്‍ക്കുക എന്ന ഒരു വിദ്യയും ഉണ്ടായിരുന്നു.
കാലുകള്‍ പ്രത്യേകരീതിയില്‍ തുഴഞ്ഞുകൊന്ടുള്ള നില്‍പ്പാനത്[.പെണ ്കുളി കാണാന്‍ പതുങ്ങി എത്തുന്ന ചിലരെ മടല്‍ കൊന്റെറി ഞ്ഞു ഓടിക്കുന്ന അതുലേറ്റ്  ഓട്ടക്കാരും ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു.പക്ഷെ,..അവര്‍ എത്ര നിര്ദോ ഷികള്‍..ഇന്നാണെങ്കില്‍ ഒരു മൊബൈലില്‍ പകര്ത്തനാവും ഉദ്യമം.].അങ്ങനെ  അങ്ങനെ...രണ്ടു മണി ക്കൂരോക്കെ വെള്ളത്തില് കളിച്ചാണ് കുളി. അപ്പോള്‍ ശരീരത്തില്‍ തരിമ്പും ചെളിയുന്റാവില്ല.സ്ഫടികതുല്യമായ ശുദ്ധത ശരീരത്തിനും മനസ്സിനും.
ബാതുടബ്ബുകളില്‍ കിടന്നുള്ള കുളിയാണ് ഏറ്റവും നല്ല കുളിയെന്നു ധരിക്കുന്ന ചിലരെങ്കിലും ഉണ്ട്.അവര്‍ ഇതുകേട്ട് നെറ്റി ചുളിക്കും.
കാലം പോകെ,ദൂരദേശ ങ്ങളിലെയ്ക്ക് പറിച്ചുമാറ്റ പ്പെട്ടവര്‍ ഇടക്ക് ഒത്തുകൂടുമ്പോള്‍ ആ കുളികള്‍ അയവിറക്കും.ഞങ്ങളെ സംകടപ്പെടുതിയ ഒരു കാര്യം ആ കുളം കിണരാക്കി മാറ്റി എന്നതാണ്.''എല്ലി''ന്റെ വാല് കള്‍ വെട്ടിക്കളഞ്ഞു.ഇന്നത്തെ ആ രൂപം ഇതാ താഴെ കാണിക്കുന്നു.


       ഇത്രയും വിക്രസ്സുകള്‍ വെള്ളത്തില്‍ കാണിച്ച എനിക്ക്                എന്റെ ശിഷ്യരുടെ നീന്തല്‍അറിവില്ലായ്മയെ  പരിഹസിക്കാന്‍ അവകാശമില്ലേ?

2010, ജൂലൈ 2, വെള്ളിയാഴ്‌ച

കേള്‍വിക്കാരും കാണികളുമില്ലാതാവുംപോള്‍....re-post

''...ഞങ്ങള്‍  വിപ്ളവകാരികള്‍  ചിലപ്പോള്‍ തീരെ എകാന്തരാണ്
.ഞങ്ങളുടെ കു്ഞ്ഞുങ്ങള്‍ പോലും
ഞങ്ങളെ അപരിചിതരെ എന്ന പോലെയാണ് നോക്കുന്നത്.''[ചെഗുവേര].
                                                                    
.ലോകം കണ്ട ഏറ്റവും വലിയ കലാപകാരിയുടെ   വാക്കുകള്‍ .
ഇന്ന് കനുസന്യാലിന്റെ മരണവാര്‍ത്ത -അതും -ആത്മഹത്യാവാര്ത്ത്ത-
കേട്ടപ്പോള്‍ വേദന ഉണ്ടായി.പരാജിതരായിത്തീരുന്ന
ഈ വിപ്ളവകാരികള്‍ വെറും കലന്ടര്‍ ചിത്രമായി മാറുന്നു.
എവിടെയാണ് തെറ്റിപ്പോവുന്നത്?
കനുസന്യാല്‍ ഒരു വ്യക്തി മാത്രമല്ല.ഒരു പ്രസ്ഥാനത്തിന്റെ
തീനാളം കൂടിയായിരുന്നു.
എന്നിട്ടും  ..വാര്‍ധക്യം ശൂന്യതകൊന്ടു നിറയുമ്പോള്‍ മരണത്തില്‍
മുങ്ങിമറയാന്‍ അദ്ദേഹവും 
തീരുമാനിച്ചു.
കേള്‍വിക്കാരും  കാണികളുമില്ലാതാവുംപോള്‍ നാം
മരണത്തെ തെരഞ്ഞെടുക്കുന്നു
ഒരുപക്ഷെ .വീണ്ടും ആദ്യം മുതല്‍ ജീവിച്ച്ചുതുടങ്ങാനൊരു ശ്രമാമാവാം
.[ഞ്ങളുടെ  നാട്ടില്‍ ''ആദ്യം പൂജ്യം കളിയ്ക്കാം''
എന്നൊരു പ്രയോഗമുണ്ട്
.കളിയില്‍ വല്ല അപാകതകള്‍ വന്നാല്‍ പറയുന്നതാണ ത്.മിയ്ക്കതും
തോല്‍ക്കാനിടവന്നാലാണ് അത് പറയുക.അതുപോലെ]
നിയോഗങ്ങള്‍ തീര്‍ന്ന ഒരുവന്റെ പിന്മടക്കവുമാവാം.
തീവ്രമായ ഒരു ലക്‌ഷ്യം 
നേടിക്കഴിഞ്ഞാല്‍ ഒരുതരം ശൂന്യത ഉണ്ടാകുമത്രേ.അതിനെ
അതിജീവിയ്ക്കുക
എളുപ്പമല്ല.പോരില്‍ ജയിച്ചവന്‍ പരാജിതനാവുന്നത് ഈ
ശൂന്യതയ്ക്കു മുന്‍പിലാണ്.
''മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ ''നാടിനു മോചനം നേടിക്കൊടുത്ത
ദാസന്‍
തന്നെ ഗ്രസിക്കുന്ന ഏകാന്തതയ്ക്കും നിഷ്ക്രിയത്വത്ത്തിനും മറുവഴി
കാണാതെയാണ് മരണം തെരഞ്ഞെടുക്കുന്നത്.
ചന്ദ്രികയുടെ തിരോധാനം എന്ന കാരണം അതുകഴിഞ്ഞേ വരൂ.
പ്രേമനയ്രാശ്യം,കടം,തീരാരോഗം ..ഇങ്ങനെ മരണത്ത്തിനെന്തെല്ലാം കാരണങ്ങള്‍..
''പഴയ കുതിര''യുടെ കാലം കഴിയുന്നത്‌ ലോകത്തിനു തമാശ യാവാം
പക്ഷെ കുതിരയ്ക്ക്  വേദനിയ്ക്കുന്നു.
 വ്യക്തമായ ഒരു കാരണം കൂടാതെ മാഞ്ഞുപോവുന്നവരുമുന്ടു.
.കുറെ ക്കൊല്ലം മുന്‍പു  ദില്ലിയില്‍ ഫ്ലാറ്റിന്റെ പതിനഞ്ചാം നിലയില്‍നിന്നു
ഒരു സ്ത്രീ ചാടിമരിച്ച്ചു.ചാടുംമുന്പു ''അയാം ഫെദ്ദപ് വിത്ത് ലൈഫു ''എന്നവര്‍ 
ചുവരില്‍ കോറി യിരുന്നു.എനിക്ക്    ഏഴോ എട്ടോ വയസ്സായിരുന്നപ്പോള്‍ 
മഞ്ഞ കോളാംപിച്ച്ചെടിയുടെ  കായ തിന്നു ഒരു പെണ്‍കുട്ടി മരിച്ചു.
ആദ്യം ഞാനറിഞ്ഞ പ്രേമനിരാശാമരണം അതാണ്‌.കാലം ആ ഓര്‍മ
മായ്ച്ച്ചുകഴിഞ്ഞു. ആത്മഹത്യ ഒരു വാര്‍ത്തയല്ലാതായി.
ഇപ്പോള്‍ ഒരു  കുടിലില്‍  ഒരു പഴയ വിപ്്ളവകാരി സ്വയം അന്ത്യവിരാമം ഇടുന്നു. 
അസ്തമയം വന്നതിനാല്‍ മാത്രം തന്റെ പണിയായുധങ്ങള്‍ എടുത്തുവെ ച്ച ഒരു പണിക്കാരനെപ്പോലെ..

2010, ജൂലൈ 1, വ്യാഴാഴ്‌ച

കാറ്റില്‍ പറക്കുന്ന വിശ്വാസങ്ങള്‍

വീടിനടുത്തുള്ള ഒരു സ്ത്രീ വിഷമിച്ചു  നടന്നു പോവുന്നത് കണ്ടപ്പോള്‍ ചോദിക്കാതെ ഇരിക്കാന്‍ കഴിഞ്ഞില്ല.''എന്ത് പറ്റി ?''
അവര്‍  നിന്നു.. ആരോടെങ്കിലും പറയാന്‍ കാത്തിരുന്നപോലെ..മകളുടെ കുട്ടികളുടെ ജാതകം എഴുതിയത് വായിക്കാന്‍ പോയതാണ്.ജ്യോത്സ്യന്റെ അടുത്ത്.
''മൂപ്പര്'' അത്ര നല്ല കാര്യമല്ല പറഞ്ഞത്.ഇനി ഇത് മകളോട് ചെന്ന് പറഞ്ഞു  അവളുടെ പ്രയാസം കൂടി കാണണമല്ലോ..
ഞാന്‍  ജ്യോത്സ്യന്റെ വചനം  എ ന്തെന്നു ചോദിച്ചു. മകള്‍ക്ക് മൂന്നുകുട്ടികലുള്ളതില്‍ ആദ്യ മകന്‍ ''പടി പ്പ് ''പാതിവഴിയില്‍ നിര്‍ത്തി ഒരു ഗുണമില്ലാത്ത മട്ടാണ്
രണ്ടാമത്തെ മകന്റെ കാര്യം പ്രശ്നം തന്നെ.മൂന്നാമനെ കൂടെ കൂട്ടിയിരുന്നു.അവന്റെ ഭാവി അവന്റെ മുന്നില്‍ വെച്ചുതന്നെ കേള്‍പ്പിക്കാന്‍..അയാള്‍ അവനോടുതന്നെ പറഞ്ഞു. പഠിച്ചിട്ടു കാര്യമില്ലെന്ന്.വല്ല ഓട്ടമോ ചാട്ടമോ നോക്കിയാല്‍ രക്ഷപ്പെടുമെന്നും.ജ്യോത്സ്യന്റെ വീട്ടില്‍നിന്നുഇറങ്ങിയപ്പോഴേ തന്നെ 
അവന്‍ അത് ശിരസ്സാ വഹിച്ച മട്ടാണ്.ആ സ്ത്രീ വിഷമിച്ചു എന്നോടു ചോദിച്ചു.ഇനി അവനെ തിരികെ വിശ്വസിപ്പിക്കാന്‍ പറ്റുമോ എന്ന്.
ഞാന്‍ ഒന്നും രണ്ടും പറഞ്ഞു അവരെ സമാധാനിപ്പിച്ചവിട്ടു.
ജ്യോല്‍സ്യന് വിദ്യയും ജന്മാര്‍ജിതസിദ്ധിയും അനുഭവവും ലോകവീക്ഷനപരിച യവും എല്ലാം ആവശ്യമാണ്‌.അതുവെ ച്ച് അയാള്‍ക്ക്‌ ധനം നേടാം.അതോടൊപ്പം സമൂഹത്തെ സേവിക്കയുമാവാം. ശുഭാപ്തിവിശ്വാസത്തെ വളര്‍ത്തി നന്മയിലേക്ക് നയിക്കാന്‍ അയാള്‍ക്ക്‌ ഒരു സാധാരനക്കാരനെക്കാള്‍ കഴിയും.കാരണം അയാള്‍ ദൈവദ ത്തമെന്നു എല്ലാവരും കരുതുന്ന ഒരു വിദ്യയുടെ ഉടമയാണ്.അയാള്‍ക്ക്‌
വേണമെങ്കില്‍ ആ കുട്ടിയോട് ഒന്ന് ഉത്സാഹിച്ചാല്‍ നന്നായി മാര്‍ക്ക് കിട്ടുമെന്നാണ് ജാതകത്തില്‍ കാണുന്നതെന്ന് പറയാം.അതുകൊണ്ടു ദോഷമൊന്നും വരില്ല. ആ ''വില്‍പവര്‍ വര്‍ദ്ധിനി ''അയാള്‍ക്ക്‌ ഭംഗിയായി ഉപയോഗിക്കാം.പക്ഷെ ചെയ്തതോ?ഉള്ള വീര്യവും ഊതിക്കെടുത്തി. 
നിങ്ങള്‍ കണ്ടിട്ടില്ലേ...നാലാള്‍ കൂടുന്ന സ്ഥലത്ത് കൈ നോക്കാനരി യാമെന്നു പറഞ്ഞുനോക്കൂ.അട്ഭുതാവഹമായി ആളുകള്‍ കയ്യും നീട്ടി ക്യൂ നില്‍ക്കും.അബദ്ധങ്ങള്‍ പറഞ്ഞാലും പ്രശ്നമില്ല.''നിങ്ങള്‍ സ്നേഹിക്കുന്ന ആള്‍ തിരികെ സ്നേഹിക്കുന്നില്ല'',അല്ലെങ്കില്‍ ''ഒരു മനക്ലേശം ഉണ്ടാകാനിടയുണ്ട്''.
ഇങ്ങനെയൊക്കെ പറഞ്ഞാല്‍ മതി. അദ്ഭുതവും ആരാധന യും സ്ഫുരിക്കുന്ന ഭാവത്തോടെ ആളുകള്‍ നിങ്ങളെ ചൂഴ്ന്നുനിള്‍ക്കും.
ഈ ലോകത്ത് ആരോടും ധൈര്യമായി പറയാവുന്ന കാര്യമാനത്.ആരാണ് നാം അങ്ങോട്ട്‌ സ്നേഹിക്കും പോലെ ഇങ്ങോട്ടും സ്നേഹിക്കപ്പെടുന്നുന്റെന്നു വിചാരിക്കുന്നത്?ആര്‍ക്കാണ് മനക്ലേശം ഇല്ലാത്തത്?
നല്ല ജ്യോതിഷികള്‍ ഉള്ള പ്രയാസം കൂട്ടാന്‍ നോക്കാതെ ജാതകവശാല്‍ എന്തെങ്കിലും കണ്ടാല്‍ അത് കുഴപ്പമില്ലാതെ അവതരിപ്പിക്കും അത്തരക്കാര്‍ .ധൈര്യം,ഉത്സാഹം,ക്ഷമ ഇത്യാദികള്‍ വര്‍ദ്ധിപ്പിക്കാനേ ശ്രമിക്കൂ.
ലോകം പന്ടത്തെക്കാള്‍ മായാവികളെ ആശ്രയിക്കുന്നു.പക്ഷെ ഉള്ള വിശ്വാസങ്ങളും കാറ്റില്‍ പറന്നുപോകുന്ന കാഴ്ച്ച ദയനീയം തന്നെ.

ഉച്ചമയക്കത്തിനിടക്ക്..[ ഒരു പൂച്ചയ്ക്ക് ഗവേഷണ കൌതുകം വന്നാല്‍..]



2010, ജൂൺ 17, വ്യാഴാഴ്‌ച

മഴയില്‍ വിരിയുന്നത്..




ഈ പൂവിന്റെ പേര്  അറിയാമോ?കേരളത്തില്‍ പരക്കെ ഇതുണ്ട്. ഞങ്ങളുടെ നാട്ടില്‍ ഇതിനു ''ഇടിവെട്ടിപ്പൂവ്'' എന്നാണു പേര്.മഴപെയ്യും വരെ അജ്ഞാതവാസത്തിലാണ് .ഇടിവെ ട്ടിയാല്‍ പിറ്റേ ദിവസം തന്നെ ഈപൂവുമുളയ്ക്കും.[ചെടി മുളക്കുക എന്നല്ല ,പൂവ് മുളക്കുക''എന്നാണു പറയേണ്ടത്.]നെടുനാള്‍ മോഹനിദ്രയിലാന്റുകിടന്നു വീണ്ടും മണ്ണിലേയ്ക്കു നിവരുന്ന സസ്യജന്മം.
പ്രകൃതി ഒരു പതിവും തെറ്റിക്കുന്നില്ല 
മഴക്കാഴ്ച്ചയായി ഇത് പ്രവാസികളുടെ മുന്നിലേയ്ക്ക് നീട്ടുന്നു..ഈ കുടന്നയെ ഏറ്റുവാങ്ങുക...
 

2010, ജൂൺ 16, ബുധനാഴ്‌ച

THE SONG OF THE RAIN- KHALIL JIBRAN

                                   


                                I am dotted silver threads
                              dropped from the heaven by the Gods..
                          Nature then takes me,to adorn 
                            Her fields and valleys.. 
                              I plucked beautiful pearls  from the crown of                                      ''ishthar..''
                              to embellish the garden..
                
                               
                                           When I cry ,..the hills laugh..
                               When I humble myself, the flower rejoice..
                                When I bow., all things are elated..
                               The field and clouds are lovers..
                                  And I am a messenger of mercy..
                                       
                                           
                           The voice of   thunder declare my arrival
                        The rainbow announces my departure..
                          I touch gently at the windows with my soft fingers..
                         And my announcement is a welcome song..
                         All can hear,.. but only the  sensitive can understand..

                                           
                                       I am the sigh of the sea..
                                The laughter of the field..
                                The tears of heaven..
                              

2010, ജൂൺ 11, വെള്ളിയാഴ്‌ച

വിട..

                         
                                  ......                  സമയമാകുന്നു പോകുവാന്‍,രാത്രിതന്‍
                                                   നിഴലുകള്‍ നമ്മള്‍,പണ്ടേ പിരിഞ്ഞവര്‍......

''...ഇലത്തുമ്പില്‍ നിന്നും..''



             
   ഇത് അട്ടപ്പാടിയിലെ മഴക്കാല പ്രഭാതം നല്‍കിയ കാഴ്ച്ചവട്ടം
           .വിഷാദ കൊണ്ടു നമ്മെ നിശ ബ്ദരാക്കി കളയും..ഈ മഴ
           നീലനിറത്തില്‍ അഗാധമൌനം പടര്‍ത്തുന്ന മലനിരയും നീണ്ട മരച്ചില്ലകള്‍ കൊണ്ടു 
          ആകാശത്തെ തൊടുന്ന മരങ്ങളും ...
..         .മഴയില്‍ ആകാശത്തിനു ഭൂമിയോട് പറയാനുള്ളതെല്ലാം ഈ മൌനത്തില്‍ അടക്കുന്നു.

2010, ജൂൺ 10, വ്യാഴാഴ്‌ച

''അനുരാഗിണീ ഇതായെന്‍..'' -re post

                               ''..നിന്നെ ആരൊക്കെ സ്നേഹിച്ചു എന്ന് ഞാന്‍ ചോദിയ്ക്കുന്നില്ല.
നിനക്ക് ആരോടു സ
്നേഹമുണ്ട് എന്നും ഞാന്‍ ചോദിയ്ക്കുന്നില്ല.
എന്നാല്‍ ഒന്ന് തീര്‍ച്ച.
എന്നെപ്പോലെ നിന്നെ ആരും സ്നേഹിയ്ക്കുന്നില്ല.
നിന്നെ സ്നേഹിയ്ക്കുന്നവന്‍ എന്ന ഓര്മ മാത്രം മതി കൂട്ടിനു..
അതെനിയ്ക്കു ശക്തി തരുന്നു..''

[ഹെര്‍മന്‍ ഹെസ്സെയുടെ 'ദേശാടനം']
                         


  ഈ വരികളിലെ അനാസക്തപ്രണയത്തി ന്റെ ആരാധികയാണ് ഞാ നു .പക്ഷെ ഇത് വായി യ്ക്കുന്നതിനും എത്രയോ മുന്‍പുതന്നെ ഒരു നാട്ടുപ്രേമത്തിന്റെ സാക്ഷി യാവാന്‍ ഭാഗ്യം കിട്ടിയിട്ടുണ്ട്. . വളരെക്കാലം മുന്‍പാണ്.എന്നും വയ്കുന്നേരം ഒരു പെണ്‍കുട്ടി ജോലി കഴിഞ്ഞു പാതയോരതൂടെ പോകാരുന്ടു. അന്നധികം ബസ്സുകളി ല്ല.ആര്‍ക്കും നടക്കാന്‍ മടിയില്ല.ഒരു നാടന്‍ ചന്തക്കാ രിക്കുട്ടി[എന്റെ ഇപ്പോളത്തെ പ്രായംവെച്ച് പറയുന്നതാണിത്.]ശാലീനത,വിനയം,ആകെപ്പാടെ ഒരിഷ്ടം തോന്നും
എന്റെ നാടിലെ ഒരു ചെറുപ്പക്കാരനും ഇത് തോന്നിയിരിയ്ക്കാം
. അയാള്‍ ഈ കുട്ടിയെ എന്നും അനുഗമിച്ചുതുടങ്ങി.അന്ന് ഇന്നത്തെപ്പോലെ ഒരുമിച്ചുനടക്കാന്‍ പറ്റില്ലല്ലോ.. ഒരു ചെറു ചിരി സമ്മാനിച്ചു,മുണ്ടിന്റെ കോന്തല ഭംഗിയില്‍ പിടിച്ചു ഉ ല്ലാ സതോടെ നടന്നിരുന്ന അയാളെ എല്ലാവര്ക്കും പൊതുവേ ഇഷ്ടമായിരുന്നു. ഞാനും ബാല്യകാലസഖാക്കള്‍ രണ്ടുപേരും ഇതിന്റെ നിരീക്ഷകരായി സ്വയം ജോലിയില്‍ പ്രവേശിച്ചു.എട്ടിലോ ഒമ്പതിലോ ആണ് ഞങ്ങള്‍.പ്രേമമെന്നു കേട്ടിട്ടുണ്ട്. വലിയ പിടിയില്ല.ഒരു രസമുള്ള ഏര്‍പ്പാടാണെന്ന് തോന്നി.എന്നും അവരുടെ യാത്ര കാണും.അവര്‍ പരസ്പര ം സംസാരിച്ചിരുന്നില്ല.ഞങ്ങളെ കാണുമ്പോള്‍ പരിചയത്തിന്റെ ഒരു സൌഹൃദഭാവം അവര്‍ക്കുണ്ട്
.ഒരു ദിവസം ഒരു ചുമന്ന പൂവയാലുടെ കയ്യില്‍ കണ്ടു.പനിനീര്‍പ്പൂവാവണം.പ്രേമത്തിന്റെ ഒരു പ്രതീകമതാണല്ലോ.തിരികെ വരുമ്പോള്‍ അതില്ല.അതാ കുട്ടിയ്ക്ക് കൊടുത്തെന്നും ഇല്ലെന്നും ഞങ്ങള്‍ അരമണിക്കൂര്‍ തര്‍ക്കിച്ചു.ഒരുദിവസം
ഒരു ചെറുകിട രാഷ്ട്രീയപ്പാര്ടിയുടെ ജാഥയ്ക്ക് മുന്‍പും പിന്‍പുമായി അവര്‍ നടന്നുപോവുന്നു.അയാള്‍ക്ക്‌ അനുഭാവമുള്ള പാര്ടിയായതിനാല്‍ പങ്കെടുക്കാതെ വയ്യ ...അന്നുമാത്രം അവരുടെ മൂകാനുരാഗത്തിന്റെ
ദൃശ്യാവിഷ്ക്കാരം ഇല്ലായിരുന്നു.പിന്നെയും കുറേക്കാലം അവരുടെ ഗമന-അനുഗമനങ്ങള്‍ നിര്‍ബാധം തുടര്‍ന്നു. ഒരു സംഘര്‍ഷവുമില്ലാതെ ആര്‍ക്കും ചര്ചാവിഷയമാകാതെ തങ്ങളുടെ
ഉള്ളില്‍ നിറഞ്ഞ പ്രണയത്തെ ആരുമറിയാതെ വിടര്തിക്കൊന്ടു....എന്തോരു ആനന്ദമായിരിയ്ക്കും അവരപ്പോള്‍ അനുഭവിചിരിയ്ക്കുക.. . പക്ഷെ കുറെക്കഴിഞ്ഞപ്പോള്‍ സ്വാഭാവികമായും ആ യാത്ര നിലച്ചു.പെണ്‍കുട്ടി കല്ല്യാണം കഴിഞ്ഞുപോയിരിയ്ക്കാം.അയാളും
പിന്നെപ്പിന്നെ വയ്കുന്നെരത്തെ നടത്തം
കുറച്ചു.പുറമേ ആര്‍ക്കും കോളിളക്കം ഉണ്ടാക്കാത്ത ഒരനുരാഗകഥയിലെ നായകനെ മാത്രം വല്ലപ്പോളും കാണാറുണ്ടു.പഴയ സരസഭാവമില്ല.ജീവിതപ്രരാബ്ധങ്ങള്‍. ഉത്തരവാദിത്വമുള്ള വീട്ടു കാരനായതോടെ    ആ പഴയ  അലസസഞ്ചാരി എങ്ങോ പോയി മറഞ്ഞു..അന്നത്തെ സായാഹ്നയാത്രകള്‍ അയാള്‍ ഇന്നും ഓര്‍ക്കുന്നുന്റാവില്ലേ? ആ കുട്ടി എവിടെ ആയിരിയ്ക്കും?ഇന്നും ചിലപ്പോള്‍ വയ്കുന്നേരം അങ്ങാടിയില്‍ പോകുന്ന അയാളെ കാണുമ്പോള്‍ ,പഴയ പനിനീര്‍പ്പൂവിനെ ഞാനോര്‍ക്കും.
ആണ്കുട്ടിയ്ക്കും പെണ്കുട്ടിയ്ക്കുമിടയില്‍ ഉണ്ടാവേണ്ട അന്തസ്സുറ്റ പ്രണയത്തിന്റെ.. .മമതാബന്ധതിന്റെ.. വേരുകള്‍ എവിറെതിരഞാലാണ് ഇന്ന് കിട്ടുക?

 സത്യത്തില്‍ ഈ പോസ്റ്റു വീണ്ടും ഇട്ടതു ബെര്‍ളിയുടെ 'കമിതാക്കലുടെ
ആത്മഹത്യ''വായി്ച്ചതുകൊണ്ടു ആണ്.സഹജമായ ആകര്‍ഷണത്തില്‍
തുടങ്ങി പ്രണയമായി വികസിക്കാന്‍ അന്ന് ഏറെ കാലം വേണമായിരുന്നു.ഇന്നോ?
ഇന്നലെ പെയ്തമഴക്ക്‌ മുളക്കുന്ന  തകരകള്‍....
അന്നോ..നിറം മങ്ങുമെന്കില്‍പ്പോലും അകമേ മധുരിക്കുന്ന പ്രണയമുന്തിരികള്‍...
മുന്തിരിമധുരം നമുക്കിപ്പോള്‍ വേഗം മടുത്തുപോകുന്നു. 

കുങ്കുമം അറിയാതെ ചുമക്കുന്ന.... -----re post

കേരളം വികസനത്തിന്റെ പാതയിലാണെന്ന് നാം വിശ്വസിക്കുന്നു.എന്താണ് വികസനം എന്നത് മറ്റൊരു വിഷയം. ഞാനിവിടെ ഉന്നയിക്കുന്ന ചോദ്യം നമ്മുടെ പത്രങ്ങളും ചാനലുകളും നിരത്തുന്ന ചില പരസ്യങ്ങളെ തു നൂറ്റാണ്ടിനു യോജി്ച്ചതാനെന്നാണ്.
നാഗമാണി ക്യത്ത്തിന്റെ പേരില്‍ നടന്ന കൊലപാതകം എല്ലാവരും അറിഞ്ഞതല്ലേ?അന്ധവിശ്വാസങ്ങള്‍ ജീവിതത്തെ വല്ലാതെ വരിഞ്ഞുമുറുക്കുന്ന കാഴ്ച്ചയാണ് കാണുന്നത്. ഭീകരമായൊരു വൈരുധ്യവുമുന്റിതില്‍.ഒരു വശത്ത് ഹൈടെക് സംവിധാനങ്ങള്‍..ശാസ്ത്രത്തിന്റെ നേട്ടമായ കുറെ നവീന സംരംഭങ്ങള്‍..ചന്ദ്രയാന്‍,കാന്സിരിന്റെ വാക്സിന്‍..,അങ്ങനെ പോകുന്നു.
..മറുവശത്ത് യുക്തിയും സാമാന്യബോധവും ഇല്ലാത്ത കുറെ നടപ്പുരീതികള്‍.വിശ്വാസവും അന്ധവിശ്വാസവും ഒന്നായിപ്പോകുന്ന ദയനീയത..ഞാന്‍ അക്കമിട്ടുനിരത്താം ചിലതു.
ഒന്ന് ...നാഗമാനിക്യം,ഗജരാജമുത്ത്,ര്യ്സേ പുല്ലര്‍ [ഇത് പേപ്പറില്‍ കണ്ടതാണ്]ഇങ്ങനെ ചിലതുന്റെന്നും അതുകൈവശം വെച്ചാല്‍ വെച്ചടി വെച്ചടി കയറമാനന്നുമുള്ള വിശ്വാസം.അമ്മൂമ്മപ്പഴമകളിലെ അഞ്ചുതലനാഗത്ത്തിന്റെ
പത്തിയിലെ മുത്തു..,അഭീഷ്ടവര ം നല്‍കുന്ന നീലക്കൊടുവേലി..ഇങ്ങനെ ഈ പട്ടിക നീളുന്നു
രണ്ടു ...''കുബെര്‍കുഞ്ചി ''തുടങ്ങിയ ചില വരവുസാധനങ്ങള്‍..ഈ പരസ്യം രാവിലെ്‍ കാണാം.ഇത് പൂജാമുറിയില്‍ വെച്ചാല്‍ എല്ലാ ഐശ്വര്യവും ഉണ്ടാകുമത്രേ.

മൂന്നു..ഏലസ്സ് കേരളീയര്‍ക്ക് പരിചിതമാണ്.മാനസികമായി ഒന്ന് ധൈര്യപ്പെടുത്താന്‍ പണ്ടെ ഇതുപയോഗിച്ചിരുന്നു.

ഇത് പക്ഷെ ചിന്താശേഷി അല്‍പ്പം ഉള്ളവരെ ആശങ്കപ്പെടുത്തുന്നു.എന്തെല്ലാം
കാര്യമാണിത് കൊണ്ടുത്തരിക?..സമ്പത്ത്,സമൃദ്ധി,ആരോഗ്യം,പരീക്ഷാവിജയം
,ശത്രുവിനാശം..പണ്ടെ തന്നെ ചില വിശ്വാസങ്ങള്‍ കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ ഉണ്ടായിരുന്നു.ഇതില്‍ പാരിസ്ഥികവും ആരോഗ്യപരവുമായി പ്രസക്തമായ
ചിലതുന്റെന്നു കാണാം.ഒട്ടേറെ ചൊല്ലുകളില്‍ ഈ നാട്ടുമാര്യാദ കള്‍ നാം ശീലിച്ചി ട്ടുമുന്ടു.അത്തരം സന്ദേശങ്ങള്‍ ഇതില്‍ കണി കാണാനില്ല.
നാല്..ഇന്ന് വിപണി കയ്യടക്കിയിരിക്കുന്ന ചില വിശ്വാസങ്ങള്‍..''അക്ഷയതൃതീയ''യുടെ പേരില്‍ സ്വരണക്കടക്കാരുടെ പരസ്യങ്ങള്‍ കാണരുന്ടല്ലോ..സ്വര്‍ണം വാങ്ങിയാല്‍ മാത്രം പോരാ..ഇന്ന ദിവസം തന്നെ വേണം..

ജീവിതത്തിലെ ഓരോരോ മേഖലകളും ഇങ്ങനെ വിശ്വാസം കൊണ്ടു കലുഷമാകുന്നു.
വീടു ഉണ്ടാ ക്കുന്നവര്‍ക്ക് വാസ്തു ഒരു കീറാമുട്ടിയാണ്.ഏതെങ്കിലും അസുഖം വരാത്തവരില്ല. പക്ഷെ അത് വാസ്തുവിന്റെ കുഴപ്പം കാരണമാണെന്ന് കാരണം കണ്ടെത്തി അതിനു പരിഹാരവും..പ്രതിവിധിയും..
നമ്മുടെ നാട്ടില്‍നിന്നു യുക്തിവാദവും പ്രായോഗികജീവിതസിദ്ധാ ന്തവും മാഞ്ഞുപോയോ?
ഇന്നത്തെ അവസ്ഥക്ക് കാരണം നമ്മുടെ കഴിഞ്ഞകാല യുക്തിവാദക്കാരുടെ അടിസ്ഥാനമില്ലായ്മയാണ്.അവര്‍ ജീവിതത്തിന്റെ പ്രായോഗികവ്യവസ്ഥ കളെ അല്പം പോലും
അറിയാതെ നിരീശ്വരവാദികള്‍,ആയി നടിച്ചു,അമ്പലത്തില്‍ പോകുന്നതും വീട്ടില്‍ വിളക്ക് വെക്കുന്നതും വലിയ അന്ധവിശ്വാസങ്ങളായി പ്രചാരണം നടത്തി. കൊളുത്തിവെച്ച നിലവിളക്ക് പോലെ മനോഹരമായ ദൃശ്യം എന്തുണ്ട്?അത്തരം നിരീശ്വര -തീവ്രവാദങ്ങളില്‍ അഭിരമിച്ച കേരളം കൊടിയ അന്ധവിശ്വാസങ്ങലുടെ വേദിയായി മാറി.ഒരു ചെറിയ ബുദ്ധി ഉന്റെന്കില്പോലും മറികടക്കാവുന്ന ചുഴിയില്‍ പെട്ട് നട്ടം തിരിയുന്നത് ..എത്ര ദൌര്‍ഭാഗ്യകരം.

പൂന്താനം പാടിയപോലെ ''കുങ്കുമത്തിന്റെ ഗന്ധം അറിയാതെ
കുങ്കുമം ചുമക്കുന്ന കഴുത''കളായി നാം മാറിയിരിക്കുന്നു.

2010, ജൂൺ 9, ബുധനാഴ്‌ച

മഴ വന്നാല്‍...


       
  അങ്ങനെ അങ്ങനെ..മഴയിങ്ങെത്തി.മഴയില്‍ വിരിയാന്‍  ധൈര്യം ഇല്ലാത്ത പൂവാണ് മുല്ല. 
പക്ഷെ ആദ്യമേ വിരിഞ്ഞുപോയി..കാറ്റും ഇടിയും മിന്നലുമെല്ലാം കഴിഞ്ഞപ്പോള്‍.
..ഞാന്‍ ഓടിച്ചെന്നത് ഇവള്‍ ഉണ്ടോ..എന്നറിയാന്‍ ആയിരുന്നു...ഭാഗ്യം
.മഴയെ അതിജീവിച്ചിരിക്കുന്നു
.മേലാകെ നനഞ്ഞു കുളിര്‍ത്തു...കൊണ്ടു..

2010, ജൂൺ 4, വെള്ളിയാഴ്‌ച

നാളെ ലോക പരിസ്ഥിതി ദിനം..


                       പച്ചപ്പിന്റെ ഈ സൌഭാഗ്യം ഇനി എത്ര നാളേയ്ക്കു?...
              പരിസ്ഥിതിയുടെ പരിരക്ഷണം ഓര്മിപ്പിയ്ക്കുന്ന കുറച്ചു ചിത്രങ്ങള്‍.


       

 ഇത് കുന്തിപ്പുഴ.ഒട്ടേറെ പൂമ്പാറ്റകള്‍ പാറിനടന്ന പ്രഭാതത്തിലാണ് ഇതെടുത്ത്തത്.വെള്ളം കുറവാണെങ്കിലും കുന്തിപ്പുഴയ്ക്ക് പ്രസരിപ്പ് ഉണ്ടായിരുന്നു. 
          .
 ഇത് കല്ലടയാര്‍[.കൊല്ലം ജില്ല]വിശാലമായ നദിയില്‍ മണലി നായുള്ള കയ്യേറ്റങ്ങള്‍ ഉണ്ട്.എങ്കിലും അതിനെ എതിര്‍ക്കുന്ന ചിലരും ഉണ്ടെന്നു അറിഞ്ഞു
                                           
                   
                ഇത് പ്രശസ്തമായ സൈലന്റു വാലി തന്നെ. മഞ്ഞും കുളിരും നിറഞ്ഞ ഒരു പുലര്‍കാലം.
                                           
             
                                     ഇത് അട്ടപ്പാടിയിലെ ജീവനവശേഷിക്കുന്ന ഒരു കുന്നു.അസ്തമയം അതിന്റെ മൂകവിഷാദത്തില്‍ ലോകത്തെ ആഴ്ത്ത്തിയ ഒരു നേരം..                        
                  ഭാരതപ്പുഴ..ചരിത്രവും റോമാന്സും ഇന്നത്തെ പരിസ്ഥിതി പ്രശ്നങ്ങളും കൊണ്ടു എന്നും സജീവമായ നിള..
                                         
                       
                                  ഇത് തണ്ണീര്‍മുക്കം ബണ്ട്.ഇതും ഒരു വൈകുന്നേരത്തിന്റെ നിമിഷമാണ്.
                                         
                                         
                    വയനാട്ടില്‍ നിന്ന് ഒരു ദൃശ്യം.കാടും താഴ്വാരവും പൂക്കാന്‍ തുടങ്ങിയ ഒരു കാലത്തിന്റെ ഒപ്പ്..
                          ഇത് അട്ടപ്പാടിയില്‍ വിരിഞ്ഞ അപൂര്‍വ ജനുസ്സില്‍ പെട്ട ഓര്‍ക്കിദാണ്

                            വസന്തശ്രീ.വയനാടന്‍ കാടുകള്‍ക്കുള്ളില്‍ വിരിഞ്ഞത്.

     
ഭൂമി നമ്മുടേത്‌ മാത്രമല്ല എന്ന വിനയം മാത്രമേ  ഈ ലോകത്തെ ഇനി രക്ഷിക്കൂ.നൂറ്റമ്പതു വര്‍ഷങ്ങള്‍ക്കുമുന്‍പ് 
ചരിത്രപ്രസിദ്ധമായ പ്രസംഗത്തിന്റെ പ്രസക്തി ഇവിടെയാണ്.
...''you must teach your children that the ground beneath their feet is the ashes of our grandfathers.so that they will respect the land,tell your children that the earth is rich with the lives of our kin.teach your children that we have taught our children,that the earth is our mother.whatever befalls the earth befalls the sons of the earth.man did  not  weave the web of life.,he is merely a strand of it,.what ever he does  to    the web,he does to himself...''          




                                     
                                     
                                                                                                                                                              

2010, മേയ് 30, ഞായറാഴ്‌ച

സുല്‍ഫി മറക്കാത്ത മിട്ടായിമധുരങ്ങള്‍...

    
സുല്‍ഫി എഴുതിയ ആദരാഞ്ജലികള്‍ ഒരു കേവലവ്യക്തിയെ ഓര്‍ക്കല് ‍ മാത്രമായിരുന്നില്ല.മാഞ്ഞുപോവുന്ന നാട്ടിന്പുരപ്പഴമകളെ അയവിറക്കല്‍ കൂടിയായിരുന്നു.ഞങ്ങളുടെ നാട്ടിലും ഇപ്പോള്‍ പലച്ചരക്കുകടയുടെ കൂട്ടായ്മസംസ്കാരം
മാഞ്ഞിരിക്കുന്നു.സൂപര്മാര്‍ക്കട്ടുകള്‍ ഇല്ലാതാക്കിയ ഉപ്പുപാത്രം സുല്‍ഫി വരച്ച്കാണിച്ചു.
ഞാനും ഓര്‍ത്തു.ആ പഴയ ''ഉപ്പു ശേഖര''നി യെപ്പറ്റി
പിന്നെ പീസീക്കയുടെ  മിട്ടായികള്‍.അതിന്റെ മധുരം മറക്കാത്തത് ആ മിട്ടായിയില്‍ ചേര്‍ത്ത 
അലിവിന്റെ ചേരുവ കൊണ്ടാണ്.
പഴയ പീടികകള്‍എങ്ങനെ ഒരനാടിന്റെ സാമ്പത്തിക
വ്യവസ്ഥയെ അടിപതറാതെ നിലനിര്ത്തിയെന്നു
കൂടി
 ഓര്‍മിപ്പിച്ചു.പീസീക്ക കടമുതലാളിയായിരുന്നില്ല .അതുപോലെ
ഒട്ടേറെ മുതലാളിയല്ലാത്ത്ത കടയുടമകള്‍ നാട്ടുകാരെ നിര്‍ല്ലോഭം സഹായിച്ചിരുന്നു.
അന്തിമകാലത്തെ ദൈന്യവും ഒരുപക്ഷെ 
മെഴുകുതിരിയുടെ അണഞ്ഞു പോകലാവാം.
പിന്നെ സുല്ഫിയുറെ ബാപ്പയുടെ ''ശിക്ഷ''യെപ്പറ്റി 
യും ഞാന്‍ ഓര്‍ത്തു.അങ്ങനെ അടിവാങ്ങിയ കുട്ടികള്‍ പണ്ടു ധാരാളം ഉ ണ്ടാ യിരുന്നു.അത് ബാലപീഡനത്തിന്റെ വകുപ്പില്‍ പെടുകയുമില്ല
.ആ കുട്ടികള്‍ ആ ശിക്ഷയുടെ പിന്നിലെ ''വഴിതെളിക്കല് ‍ '' ശരിക്കും ഉളക്കൊണ്ടിട്ടുന്ടു.ഇപ്പോഴല്ലേ ടീവി
കാണരുതെന്ന് പറഞ്ഞതിന് കുട്ടികള്‍ തൂങ്ങിമരിക്കുന്നത്.
അടിയും അതിനുപിന്നിലെ ഉത്തരവാദിത്വ
ബോധവും കുട്ടികള്‍ തിരിച്ചറിഞ്ഞിരുന്നു.
വര്‍ഷങ്ങള്‍ക്കു പിന്നിലേക്ക്‌ പോയി എല്ലാ ഓര്‍മകളെയും പങ്കുവെക്കാന്‍ സുല്ഫിയെ പ്രാപ്തനാക്കുന്നത് ആ നന്മയുടെ ശിക്ഷണമാണ്
.ഓര്‍മ്മകള്‍ ഉണ്ടായിരിക്കണമെന്ന് പറയുന്നത് ഇതുകൊണ്ടാണ്.നന്മയും സ്നേഹവും
ഓര്‍മകളും ''അല്ഷിമെര്സിനെ'' അകറ്റുന്നു
.സുല്ഫിയെ ആശംസിച്ചുകൊണ്ടും   പീസീക്കയ്ക്ക് ആദരാഞ്ജലികള്‍ നേര്ന്നുകൊണ്ടും
 സ്നേഹപൂര്‍വ്വം....                          

2010, മേയ് 24, തിങ്കളാഴ്‌ച

കേരളവര്മയിലെ ഊട്ടിയിലേയ്ക്ക്..



           
  പുറ ത്തുനിന്നുള്ളവര്‍ക്ക് കൌതുകവും കേരളവര്‍മയുറെ ഭാഗമായവര്‍ക്ക്     
അഭിമാനവും നല്‍കുന്ന ഊട്ടി..
അസംഖ്യം വര്‍ഗങ്ങളില്‍ സസ്യ-ജീവ കുലങ്ങള്‍..ഊഞാലവള്ളികള്‍
നഗരത്തില്‍നിന്നെത്തിയവര്‍ക്ക് അല്ഭുതമേകി.
ഞങ്ങള്‍ ഗ്രാമജീവിതത്തില്‍ ലയി്ചവര്‍ക്കാകട്ടെ കാടിന്റെ
വശ്യമോഹനദൃശ്യങ്ങള്‍ ആണ് ഊട്ടി നല്‍കിയത്.ഷോപ്പിങ്ങിന്റെ ശല്യമില്ലാതെ
കാണാവുന്ന ഊട്ടി എന്ന് ആണ്‍കുട്ടികള്‍ കളിയാക്കിയിരുന്നു
[പെണ്‍കുട്ടികള്‍ ഊട്ടിക്കു പോകുന്നത്ഷോപ്പിങ്ങിനാനെന്ന സംസാരമുണ്ടായിരുന്നു]
പ്രണയത്തിന്റെ സ്വകാര്യം  കൂടിയായിരുന്നു ഊട്ടി.ശരിക്കും ചങ്ങമ്പുഴക്കവിതയിലുള്ള
ഹരിതവിലാസിത  നികുഞ്ജ ങ്ങള്‍..ഒരു കൊച്ച്ച്ചുകാറ്റിനാല്‍ വര്‍ഷിക്കുന്ന പൂമഴകള്‍..
പഴയ ബോട്ട്-ക്ലബ്ബിന്റെ ഓര്‍മ്മകള്‍ ഉറങ്ങിക്കിടക്കുന്ന പാടത്തിന്റെ ഓരത്ത
് ഞങ്ങള്‍ ചെന്ന് നില്‍ക്കാരുന്ടു.
പേരറി യാമരങ്ങളും  കായ്കളും  പൂക്കളും എല്ലാം ചേര്‍ന്ന് കേരളവര്മയിലെ ഊട്ടി ഒരു പരിസ്ഥിതിവിദ്യാലയം തന്നെയായിരുന്നു.എത്ര സാഹിത്യക്യാംപുകള്‍,കവിയരങ്ങുകള്‍,ക്ലാസ്സുകള്‍..ഊട്ടി അതിനെല്ലാം പറ്റുന്ന
രംഗവിതാനം നല്‍കി..
ഒരുപക്ഷെ ഇത് വായിക്കുന്നവര്‍ ചിലര്‍ക്കെങ്കിലും ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം..
കോളേജില്‍ ഊട്ടിയിലെയ്ക്ക് നയിക്കുന്ന വഴിയാണ് ഈ ചിത്രം.
''പാതയുടെ സംഗീതം''എന്ന ശീര്‍ഷകമാണി തിനുയോജിക്കുക   . [ഞങ്ങള്‍ക്ക് പഥര്പാഞ്ചാലി യുണ്ടായിരുന്നു.സെക്കന്റ് ലാംഗ്വാജിനു.അത് ഊട്ടിയുടെ 
പശ്ചാത്തലത്തില്‍ വായിക്കാനായിരുന്നു എനിക്കിഷ്ടം..]

2010, മേയ് 23, ഞായറാഴ്‌ച

Haunted ...!




                 
ഒരിക്കല്‍ അട്ടപ്പാ ടിയിലെയ്ക്കുള്ള യാത്രയിലാണ്  ഈ മരം കണ്ടത്
.നീണ്ട ,ഇലകളില്ലാത്ത കൊമ്പുകള്‍  അത് ആകാശത്തേക്ക്
എ്ത്തിപ്പിടിക്കാനെന്നപോലെ നിന്നു.
.ഏതോ ദുരൂഹത നിറഞ്ഞ ,വിഷാ ദ ഭരിതമായ സന്ധ്യയുടെ മൌനം...
പണ്ടു വായിച്മറന്ന ഒരു പ്രേതകഥ ഉയിര്ത്തെനീക്കുംപോലെ...

2010, മേയ് 22, ശനിയാഴ്‌ച

നഗരരാത്രിയിലെ മഴ

               
         
  നഗരം രാത്രിയും മഴയും ഒരുമിച്ചു കൊണ്ടാടുന്നു...
                                 ആലക്തികദീപങ്ങള്‍ക്കപ്പുറത്തുനിന്നു നോക്കുമ്പോള്‍   ..