വേനലില്‍ കരിഞ്ഞുപോയെന്നു കരുതും..ഇനിയില്ല  എന്ന് നിനച്ചു യാത്ര പറയും.
....പക്ഷെ മഴയുടെ ആദ്യവിരല്‍പ്പാടുക മായും മുന്‍പേ നനുത്ത ചിരിയുമായി ജീവന്റെ ചില്ലകളില്‍ ...വീണ്ടും തളിരുകള്‍.

അന്പ് നിറഞ്ഞ   പച്ചപ്പോടെ

..എന്നന്നേക്കുമായി ഒന്നും ഇല്ലാതാകുന്നില്ല ..കിനാവുകള്‍ക്കും ഓര്‍മകള്‍ക്കും ജനിമൃതികളുടെ  ഇടവേളകള്‍ മാത്രം.

2010, ഓഗസ്റ്റ് 22, ഞായറാഴ്‌ച

എല്ലാ ബൂലോകരോടുമായി പറയാനുള്ളത്..




 ബൂലോകത്തെ എല്ലാവരോടും നന്ദി പറഞ്ഞുകൊണ്ടു പിന്‍വാങ്ങുന്നു.
 ഏകാന്തത അതിന്റെ എല്ലാ കരുത്തോടും കൂടി ആക്രമിച്ച ഒരു സന്ദര്‍ഭത്തിലാണ് ബൂലോകത്തേക്ക് വരാന്‍ തോന്നിയത്.
അക്കാദമിക് ആവശ്യവും  [ഡിഗ്രിക്കാര്‍ക്ക് ബ്ലോഗും തിരമൊഴിയും പഠിപ്പി ക്കാനുണ്ട്.] ഉണ്ടായിരുന്നു.
വരുന്ന നവംബറില്‍ ഞാന്‍ ബ്ലോഗു തുടങ്ങിയിട്ട് ഒരു വര്‍ഷമാവും. വാര്ഷികത്തിനായി നില്‍ക്കുന്നില്ല.
ഇന്നലത്തെ സന്ധ്യയിലാണ് യാത്ര പറയാമെന്നു തീരുമാനമെടുത്തത്.എല്ലാ സന്ധ്യകളും അഗാധമായ വേദനയോടെയാണ് കടന്നുപോകുന്നത്.എവിടെയായാലും എനിക്കങ്ങനെ തന്നെ.ഒരു പക്ഷേ കുറെക്കഴിഞ്ഞു ഒരു വീണ്ടു വരവ് ഉണ്ടായേക്കാം.ഉറപ്പിക്കുന്നില്ല..
സങ്കടം എന്ന കഥയില്‍ ഞാനെഴുതിയത് എന്റെ അനുഭവം തന്നെയാണ്.എത്ര ആവര്ത്തിച്ചതായാലും സായാഹ്നത്തിന്റെ വിഷാദം എന്നെ ആഴത്തില്‍ 
ആവേശി ക്കുന്നു..ഞാന്‍ അദ്ഭുതപ്പെടുന്നു..ഇന്നത്തെ കുട്ടികള്‍ ഇതില്‍നിന്നു എങ്ങനെയാണ് കര  കയറുന്നത്  എന്ന്.
ആഹ്ലാദത്തിന്റെ അലകള്‍ക്കിടയിലും അസ്തമയം ഏകാന്തമായ വിഷാദഗോപുരത്തില്‍ എന്നെ ഇട്ടടയ്ക്കുന്നു.
ബ്ലോഗിന് അതില്‍ നിന്നെന്നെ രക്ഷിക്കാനായില്ല.അതേസമയം ഈ സ്വപ്രസാധനത്തിനു  സാധ്യതകള്‍ ഉണ്ടെന്നു മറക്കുന്നില്ല.ഏറെ ഗൌരവത്തോടെ ഈ മേഖലയില്‍ നില്‍ക്കുന്നവര്‍ക്ക് പ്രത്യേകിച്ചും.
''അന്തമറ്റ ആകുലതകള്‍ക്കും സന്ദേഹങ്ങള്‍ക്കും ഇടയില്‍ ഞാന്‍ ആശ്രയിച്ച  വസന്തലതിക എന്ന എന്റെ സമാന്തരസ്വപ്നജീവിതത്തെ'' ഞാന്‍ 
വേണ്ടെന്നു വെക്കുന്നു.
അനായാസം കാറ്റില്‍ മരക്കൊമ്പില്‍ നിന്നും അടര്‍ന്നുവീഴുന്ന ഒരിലയുടെ ഈ ചിത്രം മുന്‍പൊരിക്കല്‍ ഞാന്‍ വരച്ചതാണ്.
ആ ഇലയുടെ പ്രണയജടിലമായ ജന്മത്തില്‍നിന്നുള്ള പിന്‍വാങ്ങല്‍ ഞാനനുകരിക്കുന്നു.
ബൂലോകത്തെ എല്ലാ സുഹൃത്തുക്കളെയും നന്ദിപൂര്‍വ്വം സ്മരിച്ചുകൊണ്ടു ..


6 അഭിപ്രായങ്ങൾ:

  1. അടര്‍ന്നുവീഴുന്ന ഒരിലയുടെ ഈ ചിത്രം മുന്‍പൊരിക്കല്‍ ഞാന്‍ വരച്ചതാണ്.
    ആ ഇലയുടെ പ്രണയജടിലമായ ജന്മത്തില്‍നിന്നുള്ള പിന്‍വാങ്ങല്‍ ഞാനനുകരിക്കുന്നു.

    ആ ഇലകൾ പിന്നീട് മറ്റൊന്നിന് വളമായി തീരുകയും ചെയ്യുന്നൂ..
    അതുപോലെ മറ്റൊന്നായി തിരിച്ചുവരുമെന്നും പ്രതീക്ഷിക്കുകയും ചെയ്യുന്നു...കേട്ടൊ

    മറുപടിഇല്ലാതാക്കൂ
  2. ഹഹഹഹഹ..... കൊള്ളാം !!!
    നല്ല കഴിവുള്ളവര്‍ ഇങ്ങനെ ഒളിച്ചു കളിക്കേണ്ടതുണ്ടോ ????
    ഈ ബ്ലോഗ് ഇത്ര ദിവസമായിട്ടും കാര്യമായി ആരും ശ്രദ്ധിച്ചില്ലെന്നതിനു കാരണം ബ്ലോഗിന്റെ സെറ്റിങ്ങുകളിലുള്ള അപര്യാപ്തതയാകണം.
    അല്ലെങ്കില്‍ ഇവിടെ അയ്യോ ചേച്ചി പോകല്ലേ... എന്ന പല്ലവിയില്‍ ഒരു നൂറു കമന്റു വിഴാനുള്ള സാധ്യതയുണ്ടായിരുന്നു :)
    മനസ്സില്‍ വരുന്നതെന്തും സ്വന്തം ഡയറിയിലെഴുതുന്നതുപോലെ കുറിച്ചു വക്കാനുള്ള ഒരു മനസ്സിന്റെ ചെപ്പായിട്ടുള്ള ബ്ലോഗിനെ നന്നായി ഉപയോഗിക്കുക. കൂടുതല്‍ മറ്റുള്ളവരുടെ ആശയങ്ങളും ചിന്താരീതികളും അറിയാനുള്ള ഉപാധികൂടിയാണു ബ്ലോഗ്. ആ വായനയിലൂടെയാണ് (നമ്മുടെ കമന്റുകള്‍)നമ്മുടെ ബ്ലോഗുകളിലേക്ക് ആളുകേറുന്നത്.
    വസന്തലതിക എന്ന ഒരേ പേരില്‍ തന്നെ രണ്ടു ബ്ലോഗുകള്‍ തുടങ്ങിയിരിക്കുന്നതും കാണാനിടയായി.പരിചയക്കുറവിനാല്‍ അത്തരം ഇരട്ടിപ്പുകള്‍ പണ്ട് ചിത്രകാരനും ഒത്തിരി വരുത്തിയിട്ടുണ്ട്.
    രണ്ടു ബ്ലോഗിനും വ്യത്യസ്തമായ പേരുകള്‍ നല്‍കുകയാണ് സൌകര്യം.
    ചിത്രകാരന്റെ ആശംസകള്‍ !!!

    മറുപടിഇല്ലാതാക്കൂ
  3. Varavum Pokkum...!
    Ithoru olichottamalle.. Athu veno...! Thudaruka, Ashamsakal...!!!

    മറുപടിഇല്ലാതാക്കൂ
  4. നല്ല എഴുത്താണെങ്കില്‍ വായിക്കാന്‍ ആളുണ്ടാവും...പിന്നെ ബ്ലോഗ്‌ ലെ ഔട്ട്‌ നന്നാക്കുക...

    മറുപടിഇല്ലാതാക്കൂ
  5. chithrakaran paranja pole "ayyo chechi povalle " yennu karayunnathinu munpu thirichethiyathu nannaayi... chilathokke yezuthunnavanekal vaayikkunnavanu manassilaakaarundu... oru maru marunnu pole... ee Boo lokathinte appurathu yentae athe ekantha vedhanakal panku vekkanum thirichariyaanum mattoraal undallo yenna aashwaasam aanu athu... thanks for coming back.. write more..we would like to read more... (sorry for manglish ... )

    മറുപടിഇല്ലാതാക്കൂ
  6. അവനവനു വേണ്ടി എഴുതുന്നു എന്നാണ് എന്റെ വിശ്വാസം.വായനക്കാര്‍ വേണമെന്ന് തീര്‍ച്ചയായും ഉണ്ട്..എങ്കിലും,ജീവിക്കാന്‍ ഉള്ള ഊര്‍ജ്ജം പലപ്പോളും പകരുന്നത് എഴുത്തും വായനയും ആണ്..ബ്ലോഗിന്റെ തലക്കെട്ടില്‍ എഴുതിയത് പോലെ ഒരു സമാന്തര സ്വപ്ന ജീവിതം.അതങ്ങനെയല്ലേ.

    മറുപടിഇല്ലാതാക്കൂ