വേനലില്‍ കരിഞ്ഞുപോയെന്നു കരുതും..ഇനിയില്ല  എന്ന് നിനച്ചു യാത്ര പറയും.
....പക്ഷെ മഴയുടെ ആദ്യവിരല്‍പ്പാടുക മായും മുന്‍പേ നനുത്ത ചിരിയുമായി ജീവന്റെ ചില്ലകളില്‍ ...വീണ്ടും തളിരുകള്‍.

അന്പ് നിറഞ്ഞ   പച്ചപ്പോടെ

..എന്നന്നേക്കുമായി ഒന്നും ഇല്ലാതാകുന്നില്ല ..കിനാവുകള്‍ക്കും ഓര്‍മകള്‍ക്കും ജനിമൃതികളുടെ  ഇടവേളകള്‍ മാത്രം.

2010, ഓഗസ്റ്റ് 22, ഞായറാഴ്‌ച

എല്ലാ ബൂലോകരോടുമായി പറയാനുള്ളത്..




 ബൂലോകത്തെ എല്ലാവരോടും നന്ദി പറഞ്ഞുകൊണ്ടു പിന്‍വാങ്ങുന്നു.
 ഏകാന്തത അതിന്റെ എല്ലാ കരുത്തോടും കൂടി ആക്രമിച്ച ഒരു സന്ദര്‍ഭത്തിലാണ് ബൂലോകത്തേക്ക് വരാന്‍ തോന്നിയത്.
അക്കാദമിക് ആവശ്യവും  [ഡിഗ്രിക്കാര്‍ക്ക് ബ്ലോഗും തിരമൊഴിയും പഠിപ്പി ക്കാനുണ്ട്.] ഉണ്ടായിരുന്നു.
വരുന്ന നവംബറില്‍ ഞാന്‍ ബ്ലോഗു തുടങ്ങിയിട്ട് ഒരു വര്‍ഷമാവും. വാര്ഷികത്തിനായി നില്‍ക്കുന്നില്ല.
ഇന്നലത്തെ സന്ധ്യയിലാണ് യാത്ര പറയാമെന്നു തീരുമാനമെടുത്തത്.എല്ലാ സന്ധ്യകളും അഗാധമായ വേദനയോടെയാണ് കടന്നുപോകുന്നത്.എവിടെയായാലും എനിക്കങ്ങനെ തന്നെ.ഒരു പക്ഷേ കുറെക്കഴിഞ്ഞു ഒരു വീണ്ടു വരവ് ഉണ്ടായേക്കാം.ഉറപ്പിക്കുന്നില്ല..
സങ്കടം എന്ന കഥയില്‍ ഞാനെഴുതിയത് എന്റെ അനുഭവം തന്നെയാണ്.എത്ര ആവര്ത്തിച്ചതായാലും സായാഹ്നത്തിന്റെ വിഷാദം എന്നെ ആഴത്തില്‍ 
ആവേശി ക്കുന്നു..ഞാന്‍ അദ്ഭുതപ്പെടുന്നു..ഇന്നത്തെ കുട്ടികള്‍ ഇതില്‍നിന്നു എങ്ങനെയാണ് കര  കയറുന്നത്  എന്ന്.
ആഹ്ലാദത്തിന്റെ അലകള്‍ക്കിടയിലും അസ്തമയം ഏകാന്തമായ വിഷാദഗോപുരത്തില്‍ എന്നെ ഇട്ടടയ്ക്കുന്നു.
ബ്ലോഗിന് അതില്‍ നിന്നെന്നെ രക്ഷിക്കാനായില്ല.അതേസമയം ഈ സ്വപ്രസാധനത്തിനു  സാധ്യതകള്‍ ഉണ്ടെന്നു മറക്കുന്നില്ല.ഏറെ ഗൌരവത്തോടെ ഈ മേഖലയില്‍ നില്‍ക്കുന്നവര്‍ക്ക് പ്രത്യേകിച്ചും.
''അന്തമറ്റ ആകുലതകള്‍ക്കും സന്ദേഹങ്ങള്‍ക്കും ഇടയില്‍ ഞാന്‍ ആശ്രയിച്ച  വസന്തലതിക എന്ന എന്റെ സമാന്തരസ്വപ്നജീവിതത്തെ'' ഞാന്‍ 
വേണ്ടെന്നു വെക്കുന്നു.
അനായാസം കാറ്റില്‍ മരക്കൊമ്പില്‍ നിന്നും അടര്‍ന്നുവീഴുന്ന ഒരിലയുടെ ഈ ചിത്രം മുന്‍പൊരിക്കല്‍ ഞാന്‍ വരച്ചതാണ്.
ആ ഇലയുടെ പ്രണയജടിലമായ ജന്മത്തില്‍നിന്നുള്ള പിന്‍വാങ്ങല്‍ ഞാനനുകരിക്കുന്നു.
ബൂലോകത്തെ എല്ലാ സുഹൃത്തുക്കളെയും നന്ദിപൂര്‍വ്വം സ്മരിച്ചുകൊണ്ടു ..