വാലന്റൈന്സ് ഡേ അടുത്തുവരുന്നു.ഭയങ്കരചെലവുചെയ്യലും ആഘോഷവും ഒക്കെയായിരിക്കും..അതിനിടയില്‍ പ്രണയബിസിനസ്സുകളും...
രാത്രിയില്‍ ഏറെ ചെല്ലും വരെ പാര്‍ട്ടി..,ആശംസകള്‍..അങ്ങനെ...ആഹ്ലാദപ്രകടനങ്ങള്‍..
നമുക്കെല്ലാം പ്രണയകാലമുണ്ടായിരുന്നു.അന്ന്..പുലരിയില്‍ പൊടുന്നനെ വന്നെത്തുന്ന നിനവും മധുരവുമായി ,രാവില്‍ ഏറെ വൈകിയും ഉറക്കാതിരിയ്ക്കുന്ന നൊമ്പരമായി നാം പ്രേമത്തെ മുഖാമുഖം കണ്ടിരുന്നു.അന്ന് നമ്മള് പണവും സ്വര്ണവും പ്രേമത്തിന് പകരം വെയ്ക്കാരില്ലായിരുന്നു.പ്രേമം വല്ലവിധവും പരാജയപ്പെട്ടാല്ത്തന്നെ അടുത്ത ഊഴം നോക്കാറില്ലായിരുന്നു.''കുറയും ഹാ! സഖി ഭാഗ്യശാലികള്‍..''എന്ന് നെടുവീര്പ്പോടെ പിന്വാങ്ങും. .അന്നുപക്ഷേ പരാജിതരുടെയും കൂടി ലോകമായിരുന്നു ഇത്.നേടുന്നതില്മാത്രം ആനന്ദം കാണുന്നവരുടെ ഇടയില്‍ അനാസക്തപ്രണയങ്ങള്,...മൂകപ്രേമങ്ങള്‍...അങ്ങനെ.വല്ലതും ഉണ്ടോ ഇന്ന്?..എന്നിട്ടും ജീവിതവിജയം കിട്ടണമെങ്കില്‍ പ്രണയിക്കാതിരിക്കണമെന്ന മൂഡവിശ്വാസത്തിനു വേണ്ടി ഞാന്‍ എന്റെ പ്രേമത്തെ കയ്യൊഴിഞ്ഞു.വെറുതെ...പിന്തിരിഞ്ഞ് ഒരിക്കലും ഒഴുകാത്ത ഈ പുഴയുടെ തീരത്തുനിന്ന് ഞാന്‍ വെറുതെ ഓര്‍ക്കുന്നു.....ഒരിക്കല് പോലും ഒരു വാക്കും മിണ്ടാതെ കൈമാറിയ ആ പ്രണയമുന്തിരികളെ... .എന്തായിരുന്നു അന്ന് മനസ്സില്‍?
കണക്കുമാത്രം പഠിക്കാന്‍ തോന്നിയിരുന്നില്ല.മറ്റെല്ലാത്തിനും മിടുക്കോടെ ഞാന്‍ പഠിച്ചിരുന്നു.പക്ഷെ സമൂഹത്തെ വല്ലാത്ത പേടിയായിരുന്നു.സ്വന്തമായി ഒരു കാമുകന്‍ ഉണ്ടാവുന്നത് അന്നു ആത്മഹത്യയിലേയ്ക്കുവരെ നയിക്കുന്ന പേരുദോഷം ഉണ്ടാക്കുമായിരുന്നു.
പൂത്തുനില്‍ക്കുന്ന മരങ്ങള്‍ക്കിടയിലൂടെ കാണുന്ന ആകാശമായിരുന്നു അന്ന് ജീവിതം.ഏതു കോണിലൂടെയും മനോഹരം.ഉറൂബിന്റെ കഥയിലെപ്പോലെ
''ലോകമേ..നിന്നെ ഞാനൊരു സിന്ദൂരപ്പൊട്ടു തൊടുവിക്കാം'' എന്ന് പറയാന്‍ തോന്നുന്ന കാലം .ദാര്‍ശ നികദു:ഖങ്ങള്‍ കേറിത്തുടങ്ങിയിട്ടില്ല.
വഴിയില്‍ സ്കൂളില്‍ പോകുന്നതിനിടയില്‍ കണ്ടുമുട്ടാറുള്ള ആണ്‍കുട്ടിയോട് ..ഒരിത്..ആ കുട്ടിക്ക് തിരിച്ചും.ഒന്നും പറയാതെ തന്നെ ആ മമത നീണ്ടുപോയി.
ആരും കാണാത്തപ്പോള്‍ മാത്രം നോക്കും.നാലഞ്ചു കൊല്ലം മുഴുവന്‍ അങ്ങനെ മിണ്ടാവൃതം കഴിച്ചു എന്ന് പറഞ്ഞാല്‍ ആരാണ് വിശ്വസിക്കുക?
സത്യമതാണ്.
കണക്കുമാത്രം പഠിക്കാന്‍ തോന്നിയിരുന്നില്ല.മറ്റെല്ലാത്തിനും മിടുക്കോടെ ഞാന്‍ പഠിച്ചിരുന്നു.പക്ഷെ സമൂഹത്തെ വല്ലാത്ത പേടിയായിരുന്നു.സ്വന്തമായി ഒരു കാമുകന്‍ ഉണ്ടാവുന്നത് അന്നു ആത്മഹത്യയിലേയ്ക്കുവരെ നയിക്കുന്ന പേരുദോഷം ഉണ്ടാക്കുമായിരുന്നു.
അത്രകാലവും വാചാല നോട്ടങ്ങള്‍ മാത്രം കൈമാറി കടന്നു പോകുമ്പോള്‍ ഹൃദയം പട പട ഇടിക്കും.എന്തുപറയും?
ഒരുനാള്‍ new year കാര്‍ഡു എനിക്ക് തരാനൊരു ശ്രമം നടന്നു.കുറെ മുന്‍പേ സൈക്കിളില്‍ പോയി കവര്‍ റോട്ടില്‍ ഇട്ടു.
ഞാന്‍ അടുത്തെത്തും മുന്‍പേ ഒരു ലോറി പാഞ്ഞുവന്നതിന്റെ മുകളിലൂടെ പോയി.ചെളി പറ്റിയതായാലും അത് വാങ്ങാന്‍
ഞാന്‍ ആഗ്രഹിച്ചു. പക്ഷെ അപ്പോഴേക്കും കൂട്ടുകാര്‍ അടുത്തെത്തിയിരുന്നു.ഏറെ ദൂരെ പോയി ഞാന്‍ തിരിഞ്ഞുനോക്കി.മുഷിഞ്ഞ കവര്‍ സങ്കടത്തോടെ നെഞ്ചില്‍ ചേര്‍ത്ത് കൊണ്ടു...
നളിനിയിലെപ്പോലെ ''പിന്നഞ്ചുവട്ടമിഹ പൂത്തു കാനനം ''
എത്ര നന്മ നിറഞ്ഞ ഹൃദയമാണ് പ്രേമിക്കുന്നവര്‍ക്കുണ്ടാവുക എന്ന് ചിന്തിക്കാനുള്ള വിവേകം അന്നത്തെയും ഇന്നത്തെയും നാട്ടുകാര്‍ക്കില്ലല്ലോ...പ്രേമം സ്വാതന്ത്ര്യത്തിന്റെ പൂന്തോട്ടത്തിലെക്കാണ് നയിക്കുന്നത്.അവിടെ മുള്ളിനും കല്ലിനും സ്ഥാനമില്ല എന്നാലും സമൂഹത്തെ പേടിച്ചു പിന്നെയും എത്രയോ കാമുകര്‍ വേര്‍പിരിഞ്ഞു.. നാട്ടിലെ പള്ളിപ്പെരുന്നാള്‍ ഏറെ കേമമാണ്.ആലക്തികദീപങ്ങല്കൊണ്ട് അലംകരിച്ച പള്ളിയും ചുറ്റുവട്ടം മുഴുവനും പ്രകാശിക്കും.
രാത്രി തേരെഴുന്നള്ളിപ്പും കലാപരിപാടികളും.തേരിന്റെ വെളിച്ചത്തില്‍ അന്ന് കണ്ടു...എന്നെ സന്തോഷത്തോടെ നോക്കുന്ന ആ മുഖം.
തേര് പോകുന്ന കൂട്ടത്തില്‍ ആ മുഖവും അകന്നകന്നു പോയി.... ഹാ..ഒരാള്‍ക്ക് ഇത്ര മധുരമായി മറ്റൊരാളെ നോക്കാനാവുമോ?
പരസ്പരം പ്രണയിക്കുന്ന രണ്ടുപേരെ ഒരുമിച്ചുകാണുന്നതില്പരം ഐശ്വര്യം എന്താണുള്ളത്?
ഹാ..ഒരാള്‍ക്ക് ഇത്ര മധുരമായി മറ്റൊരാളെ നോക്കാനാവുമോ....?
മറുപടിഇല്ലാതാക്കൂപ്രേമം സ്വാതന്ത്ര്യത്തിന്റെ പൂന്തോട്ടത്തിലെക്കാണ് നയിക്കുന്നത്....
അവിടെ മുള്ളിനും കല്ലിനും സ്ഥാനമില്ല എന്നാലും സമൂഹത്തെ പേടിച്ചു പിന്നെയും എത്രയോ കാമുകര്‍ വേര്‍പിരിഞ്ഞു....
പരസ്പരം പ്രണയിക്കുന്ന രണ്ടുപേരെ ഒരുമിച്ചുകാണുന്നതില്പരം ഐശ്വര്യം എന്താണുള്ളത്?
നല്ല കുറിപ്പുകളും ഒപ്പം നല്ല പ്രണയ സങ്കൽപ്പങ്ങളും...
പഴയ കാല പ്രണയത്തിന്റെ ഓര്‍മ്മകള്‍ തൊട്ടുണര്‍ത്തി ഈ കുറിപ്പ് , മനോഹരം!
മറുപടിഇല്ലാതാക്കൂഒരു പക്ഷേ, ഈ വരികളായിരിക്കാം ആ പ്രണയത്തിന്റെ ഇലപ്പടര്‍പ്പുകള്‍. പ്രണയത്തേക്കാള്‍ പ്രണയം
മറുപടിഇല്ലാതാക്കൂഓര്മ്മകളില് തന്നെയാണ്. അതൊന്നുകൂടി ഉറപ്പിച്ചു ഈ കുറിപ്പ്.
എഴുതിവരുമ്പോള്‍ പോലും ആ പ്രണയം മധുരിക്കുന്നു.നെല്ലിക്കച്ചവര്‍പ്പുകള്‍ കാലം മാറ്റിക്കളഞ്ഞു.
മറുപടിഇല്ലാതാക്കൂഎവിടെയായിരുന്നാലും ''കഴിഞ്ഞ കഥ''യിലെ നായകന്‍ ഇന്നതോര്‍ക്കുന്നുണ്ടാവുമോ..ആവോ..ആര്‍ക്കറിയാം.
ഒരുവേള അതിമധുരങ്ങള്‍ ക്കിടയില്‍ ഇക്കഥ മറന്നിരിക്കാം.അല്ലെങ്കില്‍ ...നിനവിനടിയില്‍ ചാരം കൊണ്ടു മൂടിക്കിടപ്പുണ്ടാവാം.
എന്നോടൊപ്പം ഇത് പങ്കുവെച്ചു സന്തോഷം തന്ന മുരളീ മുകുന്ദന്‍,ശ്രീനാഥന്‍,ഒരില.. നിങ്ങള്‍ക്ക് നന്ദി..
അതേതു പ്രണയം...
മറുപടിഇല്ലാതാക്കൂ